Asianet News MalayalamAsianet News Malayalam

ഫാല്‍ക്കന്‍ സൗന്ദര്യമത്സരം; പക്ഷികളിലെ സൗന്ദര്യ കിരീടം ചൂടി ഹാഷിമും സന്‍ദാനും

തല, ചുണ്ട്, മുതുക്, കാല്, പാദം തുടങ്ങിയ അവയവങ്ങളുടെ അഴകും നിറവും ശരീരത്തിന്‍റെ മൊത്തം വലിപ്പവും ആകൃതിയും ഭാരവും എല്ലാം അഴക് നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങളായി

Riyadh falcon beauty pageant winners
Author
Riyadh Saudi Arabia, First Published Dec 15, 2019, 3:18 PM IST

റിയാദ്: ഫാൽക്കനുകളുടെ സൗന്ദര്യമത്സരത്തിൽ ഹാഷിം, സൻദാൻ എന്നീ പക്ഷികൾക്ക് കിരീടം. സൗദി അറേബ്യൻ തലസ്ഥാന നഗരത്തിന് സമീപം മൽഹം പട്ടണത്തിൽ അരങ്ങേറുന്ന രണ്ടാമത് കിംഗ് അബ്ദുൽ അസീസ് ഫാൽക്കൻ ഫെസ്റ്റിവലിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന മത്സരത്തിലാണ് ഒരു വയസിന് താഴെയും മുകളിലുമായി രണ്ട് വിഭാഗങ്ങളിലെ ഏറ്റവും സൗന്ദര്യമുള്ള പക്ഷികളായി ഇവ തെരഞ്ഞെടുക്കപ്പെട്ടത്. 

അഞ്ച് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ഫർഖ്, ഖിർനാസ് വിഭാഗങ്ങളിലാണ് അഴകിന്‍റെ മികവിനുള്ള സമ്മാനമായി 15 ലക്ഷം റിയാൽ (ഏകദേശം മൂന്ന് കോടി രൂപ) വീതം ഈ പക്ഷികളുടെ ഉടമസ്ഥർ നേടിയത്. ഫർഖ് വിഭാഗത്തിൽ കിരീടം ചൂടിയ ഹാഷിമിന്‍റെ ഉടമ ഖാലിദ് നാസർ അൽഹാജിരിയുടെ നേട്ടം ഒന്നിലൊതുങ്ങുന്നതായിരുന്നില്ല. അഴകളവുകളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മർഅബ്, തമാം എന്നീ പക്ഷികളും അദ്ദേഹത്തിന്‍റേതായിരുന്നു. രണ്ടാം സമ്മാനമായി 10 ലക്ഷം റിയാലും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം റിയാലും അദ്ദേഹത്തിന് കിട്ടി. ആകെ 30 ലക്ഷം റിയാലിന്‍റെ സമ്മാന നേട്ടം. 

ഖിർനാസ് വിഭാഗത്തിൽ സാലെം നാസർ അൽഹാജിരിയുടെ സെൻദാൻ എന്ന പക്ഷിക്കാണ് കിരീടം. 15 ലക്ഷം റിയാലാണ് സമ്മാനം. സുൽത്താൻ ഫഹദ് ദാമറിന്‍റെ നിയോം എന്ന് പേരുള്ള പക്ഷി രണ്ടാം സമ്മാനമായ 10 ലക്ഷം റിയാലും അലി അൽമൻസൂരിയുടെ അൽഖാഇദ് എന്ന പക്ഷി മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം റിയാലും സ്വന്തമാക്കി. 

സൗന്ദര്യ മികവ് നിർണയിക്കാൻ സംഘാടകരായ സൗദി ഫാൽക്കൻസ് ക്ലബ് ഏഴ് മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരുന്നത്. ഈ അഴകളവുകൾ പരിശോധിച്ചാണ് വിദഗ്ധരടങ്ങിയ വിധിനിർണയ സമിതി മാർക്കിട്ടത്. തല, ചുണ്ട്, മുതുക്, കാല്, പാദം തുടങ്ങിയ അവയവങ്ങളുടെ അഴകും നിറവും ശരീരത്തിന്‍റെ മൊത്തം വലിപ്പവും ആകൃതിയും ഭാരവും എല്ലാം അഴക് നിശ്ചയിക്കുന്നതിനുള്ള ഘടകങ്ങളായി. ജൂറി 92 ശതമാനം മാർക്കാണ് ഹാഷിമിനും സെൻദാനും നൽകിയത്. 

Follow Us:
Download App:
  • android
  • ios