റിയാദ്: ഇന്ത്യൻ എംബസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ പുതിയ മാനേജിങ് കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ രക്ഷിതാക്കളിൽ നിന്ന് നാമനിർദേശ പത്രികകൾ ക്ഷണിച്ചു. സ്കൂൾ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്‍റെ നിർദേശാനുസരണം സ്കൂൾ പ്രിൻസിപ്പൽ ഡോ. എസ്.എം. ശൗക്കത്ത് പർവേസാണ് മുഴുവൻ വിദ്യാർഥികളുടെയും രക്ഷിതാക്കൾക്ക് സർക്കുലർ അയച്ചത്.

2020 മുതൽ മൂന്ന് വര്‍ഷ കാലാവധിയിലേക്കാണ് ഭരണസമിതി രൂപവത്കരണം. ഒരു വനിത ഉൾപ്പെട്ട ഏഴംഗ സമിതിയിൽ അംഗമാവാൻ നിശ്ചിത യോഗ്യതയുള്ള രക്ഷിതാക്കൾ ജനുവരി അഞ്ചിനുള്ളിൽ അപേക്ഷ നൽകണം. ഇതിനായുള്ള നിശ്ചിത അപേക്ഷാഫോറം ഇൗ മാസം 11 മുതൽ 17 വരെ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 8.30നും ഉച്ചക്ക് 1.30നും ഇടയിൽ റിയാദ് റൗദയിലെ ബോയ്സ് സ്കൂളിലെ പ്രിൻസിപ്പലിന്‍റെ ഓഫീസിൽ നിന്ന് നേരിട്ട് കൈപ്പറ്റാം. യോഗ്യതകൾ എന്തെല്ലാമാണെന്നും വിജ്ഞാപനത്തിൽ വിദശമാക്കിയിട്ടുണ്ട്.

സ്കൂളിൽ ഒരു വർഷത്തിൽ കുറയാത്ത അധ്യയന കാലാവധി ബാക്കിയുള്ള വിദ്യാർഥിയുടെ രക്ഷിതാവായിരിക്കണം. ഇന്ത്യൻ പൗരത്വമുണ്ടാവണം. സ്കൂളിന്‍റെ ഭരണകാര്യങ്ങൾക്ക് മതിയായ സമയം ചെലവഴിക്കാൻ സൗകര്യമുണ്ടാവണം. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ മുൻഗണന. എം ബി ബി എസ് പോലുള്ള പ്രഫഷനൽ ബിരുദക്കാർക്കും അപേക്ഷിക്കാം. പ്രമുഖ കമ്പനികളിൽ ഉത്തരവാദപ്പെട്ട പദവികളിൽ ജോലി ചെയ്യുന്നയാളാവണം. സമിതിയിലെ വനിത അംഗമാകാൻ പ്രഫഷനൽ രംഗങ്ങളിലുള്ളവർക്കാണ് മുൻഗണന. സ്‌കൂള്‍ ജീവനക്കാര്‍ക്കും ജീവിതപങ്കാളികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

തൊഴിലുടമയുടെ അനുമതിപത്രം, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 8,000 റിയാല്‍ അടിസ്ഥാന ശമ്പളമുണ്ടെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, പ്രവാസി ഇന്ത്യൻ സമൂഹത്തിലെ കുട്ടികൾക്ക് മികവുറ്റ വിദ്യാഭ്യാസം നൽകാൻ തന്‍റെ കാലയളവിൽ സ്‌കൂളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ വിശദമാക്കുന്ന 100 വാക്കുകളില്‍ കവിയാത്ത കുറിപ്പ്, വിശദമായ ബയോഡേറ്റ, പൂരിപ്പിച്ച അപേക്ഷ എന്നിവ ഒറ്റ കവറിലാക്കി പ്രിൻസിപ്പലിന് നൽകണം. ഇതിന്‍റെയെല്ലാം പകർപ്പ് സ്കൂളിന്‍റെ നിരീക്ഷകൻ കൂടിയായ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെക്ക് edu.riyadh@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തി വേണം കമ്മിറ്റി രൂപവത്കരിക്കേണ്ടത് എന്നാണ് നിയമം.

എന്നാൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രിൻസിപ്പലിന്‍റെ സർക്കുലറിൽ ഒന്നും പറയുന്നില്ല. കഴിഞ്ഞ തവണയും തെരഞ്ഞെടുപ്പ് നടത്താതെ ലഭിച്ച പത്രികകളുടെ അടിസ്ഥാനത്തിൽ അംബാസഡറുടെ മുൻകൈയ്യിൽ സമിതി രൂപവത്കരിക്കുകയായിരുന്നു. അതേസമയം ഏഴിൽ കൂടുതൽ പത്രികകൾ ലഭിച്ചാൽ വോട്ടെടുപ്പ് നടത്തേണ്ടിവരും. 2013ൽ ജനാധിപത്യ രീതിയിൽ വോട്ടെടുപ്പിലൂടെയാണ് സമിതി രൂപവത്കരിച്ചത്. സമിതിയിൽ സ്ത്രീ പ്രതിനിധിയെ ഉൾപ്പെടുത്തി തുടങ്ങിയത് കഴിഞ്ഞ തവണയാണ്.