മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കേളി ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
റിയാദ്: സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിഭജനം പോലുള്ള വലിയ ദുരന്തമുഖത്തും മതേതരത്വത്തിെൻറയും ഐക്യത്തിെൻറയും രാഷ്ട്രീയത്തെ ചേർത്തുപിടിച്ചവരാണ് നമ്മളെന്നും ആ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും കവിയും സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ പി.എൻ. ഗോപീകൃഷ്ണൻ പറഞ്ഞു. 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം റിയാദിൽ കേളി കലാസാംസ്കാരിക വേദി ഒരുക്കിയ സ്വീകരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു. മനുഷ്യർ ചേർന്നുനിന്നാൽ ഒരു ക്ഷുദ്രശക്തികൾക്കും നമ്മെ തോൽപ്പിക്കാനാവില്ല.
ശുഭാപ്തിവിശ്വാസത്തോടെ ആ ഐക്യത്തിനായി നാം ഓരോരുത്തരും കൈകോർക്കേണ്ട സമയമായിരിക്കുന്നു. ഇനിയും അമാന്തിച്ചു നിന്നാൽ നിലനിൽപ്പ് തന്നെ അപകടത്തിലാകും. ഇന്ത്യക്ക് മാതൃകയായി കേരളം ജ്വലിച്ചുനിൽക്കുന്നുണ്ടെങ്കിലും ഒരു അഗ്നിഗോളം കാൽച്ചുവട്ടിൽ പുകയുന്നുണ്ടെന്ന് നാം ഓരോരുത്തരും തിരിച്ചറിയണമെന്നും അതിനെതിരെ ശക്തമായ ചെറുത്തേനിൽപ്പ് അനിവാര്യമാണെന്നും ഗോപീകൃഷ്ണൻ കൂട്ടി ചേർത്തു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ കേളി ജോയിൻറ് സെക്രട്ടറി സുനിൽ കുമാർ ആമുഖ പ്രസംഗം നടത്തി. പ്രസിഡൻറ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. കേളിക്ക് വേണ്ടി പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, കുടുംബവേദിക്ക് വേണ്ടി സെക്രട്ടറി സീബ കൂവോട്, പ്രസിഡൻറ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവരും അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ എന്നിവർ ചേർന്ന് ഉപഹാരം നൽകി. സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പ്രസിഡൻറ് സെബിൻ ഇഖ്ബാൽ നന്ദിയും പറഞ്ഞു. റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ 10ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്.
ഫോട്ടോ: കേളി ഒരുക്കിയ സ്വീകരണ വേദിയിൽ പി.എൻ. ഗോപീകൃഷ്ണന് സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡൻറ് സെബിൻ ഇക്ബാൽ എന്നിവർ ചേർന്ന് ഉപഹാരം സമ്മാനിക്കുന്നു
