പദ്ധതിയില്‍ ഉൾപ്പെട്ട ആറ് റൂട്ടുകളില്‍ മൂന്ന് എണ്ണത്തിലാണ് ഇപ്പോള്‍ സര്‍വീസ് തുടങ്ങിയത്. 

റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായി തലസ്ഥാന നഗരത്തിൽ റിയാദ് മെട്രോ സർവിസിന് തുടക്കം. നവംബർ 27ന് സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച പദ്ധതിയിൽ ഡിസംബർ ഒന്നിന് പുലർച്ചെ ആറ് മുതൽ ട്രെയിനുകൾ ഓട്ടം ആരംഭിച്ചു. ആദ്യ സർവിസിൽ തന്നെ യാത്രക്കാരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ദീർഘകാലമായി കാത്തിരുന്ന പദ്ധതി ആയതിനാൽ നഗരവാസികൾ വളരെയധികം ആഹ്ലാദത്തിലാണ്.

പദ്ധതിയിലെ ആറ് റൂട്ടുകളിൽ മൂന്നെണ്ണമാണ് പ്രവർത്തനം ആരംഭിച്ചത്. പർപ്പിൾ, െയല്ലോ, ബ്ലൂ ലൈനുകളിലാണ് ഇപ്പോൾ സർവിസ് ആരംഭിച്ചിരിക്കുന്നത്. റിയാദ്-ഖസീം റോഡിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കെ.എ.എഫ്.ഡി) സ്റ്റേഷനിൽനിന്നാണ് ആറ് ലൈനുകളും പുറപ്പെടുന്നത്. നാല് പ്രധാന സ്റ്റേഷനുകളിലെ പ്രധാന ഹബ്ബ് ഇതാണ്. 

സർവിസ് ആരംഭിച്ച ലൈനുകൾ:

1. കെ.എ.എഫ്.ഡി സ്റ്റേഷനിൽനിന്ന് ആരംഭിച്ച് മുറൂജ്, കിങ് ഫഹദ് ഡിസ്ട്രിക്റ്റ്, എസ്.ടി.എസി, അൽ വുറൂദ്, അൽ ഉറൂബ, അൽ ഇന്മ ബാങ്ക്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി, എം.ഒ.ഐ (ആഭ്യന്തര മന്ത്രാലയം), മുറബ്ബ, ജവാസത്, നാഷനൽ മ്യൂസിയം (ബത്ഹ), അൽ ബത്ഹ (ലുലു), ഖസറുൽ ഹഖം (ദീര), ഊദ്, സിക്രിന, മൻഫുഅ, അൽ ഇമാൻ ആശുപത്രി, അസീസിയ സാപ്റ്റ്കോ ബസ് സ്റ്റേഷൻ, അൽ അസീസിയ, ദാറുൽ ബൈദ വഴി അൽ ഹൈറിലേക്കുള്ള ബ്ലൂ ലൈൻ. 35 സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്.

2. കെ.എ.എഫ്.ഡി സ്റ്റേഷനിൽനിന്ന് ആരംഭിച്ച് അൽ റാബി, ഉസ്മാൻ ബിൻ അഫാൻ റോഡ്, സാബിക്, ഗുർനാഥ, അൽ യർമുഖ് (ലുലു), അൽ ഹംറ, അൽ അൻഡലൂസ്, ഖുറൈസ് റോഡ് വഴി നസീമിലെ ഹയ്യുൽ സലാമിൽ അവസാനിക്കുന്ന പർപ്പിൾ ലൈൻ. 10 സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്.
3. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ടെർമിനൽ (ഒന്ന്, രണ്ട്) സ്റ്റേനിൽനിന്ന് ആരംഭിച്ച് മൂന്ന്, നാല് ടെർമിനലുകൾ ചേർന്ന സ്റ്റേഷൻ, ഡൊമസ്റ്റിക് ടെർമിനൽ (അഞ്ച്) സ്റ്റേഷൻ, നൂറ യൂനിവേഴ്സിറ്റി ഒന്ന്, രണ്ട് സ്റ്റേഷനുകൾ, സാബിക്, ഉസ്മാൻ ബിൻ അഫാൻ, അൽ റാബി സ്റ്റേഷനുകൾ വഴി കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷനിൽ അവസാനിക്കും. ഒമ്പത് സ്റ്റേഷനുകളാണ് ഈ ലൈനിലുള്ളത്. എല്ലാ ലൈനുകളിലും ഏഴ് മിനിറ്റ് ഇടവേളകളിൽ ഇരു വശത്തേക്കും ട്രയിനുകൾ ഓടിക്കൊണ്ടിരിക്കും.
തലസ്ഥാന നഗരിയിൽ ഭീമൻ പദ്ധതി പൂർത്തിയാക്കിയ ആഹ്ലാദത്തിെൻറ അന്തരീക്ഷത്തിൽ യാത്രയിൽ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് ജീവനക്കാർക്കും യാത്രക്കാർക്കുമൊപ്പം പങ്കെടുത്തു. ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ കോൺഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണയും റിയാദിലെ ഒ.ഐ.സി.സി പ്രവർത്തകരോടൊപ്പം ആദ്യ യാത്രയിൽ പങ്കുചേർന്നു. ആദ്യ ട്രെയിനുകളിലെ യാത്രക്കാർ മെട്രോ അധികൃതർ ഊഷ്മള സ്വീകരണം നൽകി.

അവശേഷിക്കുന്ന മൂന്ന് ട്രെയിൻ റൂട്ടുകളിൽ ഒരു മാസത്തിനുള്ളിൽ സർവിസ് ആരംഭിക്കും. ഡിസംബർ 15-ന് കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനും കിങ് അബ്ദുൽ അസീസ് റോഡിനരികിലൂടെ കടന്നുപോകുന്ന ഗ്രീൻ ലൈനും 2025 ജനുവരി അഞ്ചിന് അൽമദീന മുനവ്വറ റോഡിലെ ഓറഞ്ച് ലൈനും പ്രവർത്തിപ്പിക്കും. ആറ് ട്രെയിൻ ട്രാക്കുകളും പ്രവർത്തിപ്പിക്കുന്നതോടെ പദ്ധതി പൂർത്തിയാവും. ‘ദർബ്’ ആപ്ലിക്കേഷൻ, ടിക്കറ്റിങ് ഓഫീസ്, സ്റ്റേഷനുകലെ വെൻഡിങ് മെഷീനുകൾ എന്നിവയിൽ നിന്ന് ടിക്കറ്റെടുക്കാം. ബാങ്കുകളുടെ എ.ടി.എം കാർഡുകൾ ഇതിന് ഉപയോഗിക്കാനാവും. കൂടുതൽ വിവരങ്ങൾക്ക് 19933 എന്ന നമ്പറിൽ വിളിക്കുകയോ റിയാദ് മെട്രോ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ സന്ദർശിക്കുകയോ ചെയ്യാം.

Read Also -  വമ്പൻ താഴ്ചയിലേക്ക് കൂപ്പുകുത്തി രൂപ; ഈ ഗൾഫ് രാജ്യത്തെ പ്രവാസികൾക്ക് 'ചാകര', പണമയയ്ക്കാൻ പറ്റിയ സമയം

റിയാദ് ട്രെയിനിന്‍റെ യാത്രാ തുടക്കം സൗദി തലസ്ഥാനത്തിന്‍റെ പൊതുഗതാഗത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. നഗരയാത്ര മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഇതുവഴി കഴിയും. നഗര നിരത്തുകളിലെ വാഹന തിരക്ക് 30 ശതമാനത്തിലേറെ കുറയും. ഇത് കാർബൺ ഉദ്വമനവും വലിയ അളവിൽ ഇന്ധനം ഉപയോഗിക്കുന്നതും കുറക്കാൻ സഹായിക്കും. റിയാദ് മെട്രോ സോളാർ എനർജിയാണ് ഉപയോഗിക്കുന്നത്. വൈദ്യതോർജ ഉപഭോഗം ഇങ്ങനെ 20 ശതമാനം ലാഭിക്കാൻ കഴിയുന്നു. 176 കിലോമീറ്റർ ദൈർഘ്യമുള്ള ആറ് റൂട്ടുകളുടെ ശൃംഖലയും നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 സ്റ്റേഷനുകളും ഉൾക്കൊള്ളുന്ന പദ്ധതിയാണ് റിയാദ് മെട്രോ. ഉയർന്ന രൂപകൽപ്പനയും സാങ്കേതിക സവിശേഷതകളും പദ്ധതിയുടെ സവിശേഷതകളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം