റിയാദ്: ഒരുമാസം നീളുന്ന റിയാദ് സീസൺ ആഘോഷ തിമിർപ്പിൽ നഗരം മുങ്ങി നിൽക്കേ പൊലിമയേറ്റി വ്യാഴാഴ്ച രാത്രി വർണാഭമായ കാർണിവൽ പരേഡ് നടന്നു. 1,500 കലാകാരന്മാരും 25 ഫ്ലോട്ടുകളും അണിനിരന്ന പരേഡ് റിയാദ് സാക്ഷ്യം വഹിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ തെരുവ് ഘോഷയാത്രയായി ചരിത്രം സൃഷ്ടിച്ചു. 

നിരവധി വിനോദ പരിപാടികൾ പരേഡിന്റെ മാറ്റുകൂട്ടി. റിയാദ് സീസൺ ആഘോഷത്തിലെ തെരുവോര വിഭാഗം പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് പരേഡ് സംഘടിപ്പിച്ചത്. തെരുവോര പരിപാടി എല്ലാദിവസവും രാത്രി ഒമ്പതിന് ആരംഭിച്ച് ഒന്നര മണിക്കൂർ നീണ്ടുനിൽക്കും. ലോകപ്രശസ്ത കലാകാരന്മാരുടെ വിവിധ പരിപാടികൾ അരങ്ങേറും. ഇതിനോടൊപ്പം ഭക്ഷണമേള, സിനിമ പ്രദർശനം, ജലധാര പ്രദർശനം എന്നിവയുമുണ്ടാകും.