വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ.

റിയാദ്: മാസങ്ങളോളം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച മുതൽ തുടക്കമായി. ‘സങ്കൽപ്പങ്ങൾക്കും അപ്പുറം’ എന്നതാണ് ഇത്തവണത്തെ ശീർഷകം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് ബോളീവാർഡ് വിനോദനഗരത്തോട് ചേർന്നുള്ള വേദിയിൽ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

വെടിക്കെട്ടടക്കം വർണാഭമായ പരിപാടികളോടെ വിപുലമായ ഉദ്ഘാടന ചടങ്ങാണ് അരങ്ങേറിയത്. പതിനായിരങ്ങൾ പരിപാടികൾ ആസ്വദിക്കാനെത്തി. ഇന്നേവരെ രാജ്യം കണ്ട ഏറ്റവും വലിയ വിനോദ പരിപാടിയാണ് റിയാദ് സീസൺ. ഡ്രോണുകളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ലേസർ രശ്മികളാൽ ആകാശത്ത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും ചിത്രങ്ങൾ വരച്ചു. ഉദ്ഘാടനത്തിന് ശേഷം വേദിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.

58-ലധികം കലാകാരന്മാരും മൂന്ന് ഗായകരും പങ്കെടുത്ത ‘സർക്യു ഡു സോലെൽ ഷോ’ കലാപരിപാടികൾ അരങ്ങേറി. ജിംനാസ്റ്റുകൾ, ഹൈ വയർ ആക്റ്റുകൾ, സ്റ്റണ്ട് മോട്ടോർസൈക്കിൾ യാത്രകൾ, ഫയർ ജെറ്റിങ്, സ്വിങ്ങിങ് റോപ്പ് പ്രകടനം തുടങ്ങി വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്ക് വേദി സാക്ഷിയായി.

സൗദി അറേബ്യയിലെ വിഖ്യാത നാടോടി കലാകാരന്മാരായ മോദി അൽ-ഷംറാനി, ഷബാഹ് ബെഷ എന്നിവരടുങ്ങുന്ന ബാൻഡ് അവതരിപ്പിച്ച ഗാനങ്ങളും ശ്രദ്ധേയമായി. സൗദിയുടെ പരമ്പരാഗത കലയായ അർദ മുട്ടും മറ്റ് കലാപ്രകടനങ്ങളും ഉത്സവത്തിന് കൊഴുപ്പേകി. ലോകപ്രശസ്ത ഇംഗ്ലീഷ് ഗായിക ആൻമേരി റോസ് നിക്കോൾസൻ നയിച്ച സംഗീത വിരുന്നും അരങ്ങേറി. 

Read More - ഹുറൂബ് വ്യവസ്ഥ പരിഷ്‌കരിച്ചു; നിയമത്തിലെ മാറ്റം പ്രാബല്യത്തില്‍

രണ്ടര മാസത്തിനിടെ അനുവദിച്ചത് 20 ലക്ഷം ഉംറ വിസകൾ

റിയാദ്: ഈ വർഷം ജൂലൈ 30-ന് ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 20 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയം. 176 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കാണ് ഇത്രയും വിസകൾ അനുവദിച്ചത്. അതിൽ തന്നെ ഏറ്റവും കൂടുതൽ വിസ അനുദവിച്ചത് ഇന്തോനേഷ്യ, ഇറാഖ്, തുർക്കി എന്നീ രാജ്യങ്ങൾക്കാണ്.

ഇങ്ങനെ എത്തുന്ന വിദേശ തീർഥാടകർക്ക് ആവശ്യമായ സേവനം നൽകാൻ 150 ഓളം ഉംറ കമ്പനികളെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. അതത് രാജ്യങ്ങളിൽനിന്നുള്ള വരവ് മുതൽ ഉംറ നിർവഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും നൽകുന്നത് ഈ കമ്പനികളാണെന്നും ഹജ്ജ്, ഉംറ ദേശീയ കമ്മിറ്റി അംഗം ഹാനി അൽ-ഉമൈരി പറഞ്ഞു.