Asianet News MalayalamAsianet News Malayalam

ഐഫോണും പണവും തട്ടിയെടുത്ത് മുങ്ങിയ കള്ളന്‍ മിനിറ്റുകള്‍ക്കകം സൈക്കിളെടുക്കാന്‍ തിരികെ വന്നപ്പോള്‍ പിടിയിലായി

പണം നഷ്‍ടമായ യുവാവ് പരിസരത്തുണ്ടായിരുന്ന ചിലരോട് കാര്യങ്ങള്‍ പറഞ്ഞു. സംസാരിച്ചുനില്‍ക്കവെ മോഷ്‍ടാക്കളിലൊരാള്‍ സൈക്കിളെടുക്കാനായി സുഹൃത്തിനൊപ്പം മടങ്ങിയെത്തുകയായിരുന്നു. 

Robber returns to crime scene to collect cycle gets caught
Author
Dubai - United Arab Emirates, First Published Mar 3, 2021, 12:49 PM IST

ദുബൈ: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും തട്ടിയെടുത്ത യുവാവ് ദുബൈയില്‍ അറസ്റ്റിലായി. 970 ദിര്‍ഹവും ഐ ഫോണും മോഷ്‍ടിച്ച ആഫ്രിക്കക്കാരനാണ് മിനിറ്റുകള്‍ക്കം മോഷണം നടത്തിയ സ്ഥലത്ത് തിരികെ എത്തിയപ്പോള്‍ പിടിയിലായത്. ഹോര്‍ അല്‍ അന്‍സിലായിരുന്നു നാടകീയമായ സംഭവങ്ങള്‍.

22കാരനായ നൈജീരിയന്‍ സ്വദേശിയെ ഫോണ്‍ നഷ്‍ടമായ യുവാവും പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മോഷണം നടത്തി മുങ്ങുന്നതിനിടെ മറന്നുവെച്ച സൈക്കിളെടുക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. പ്രതിയും സുഹൃത്തുക്കളും ആളുകളില്‍ നിന്ന് പണം തട്ടാനായി പദ്ധതിയിട്ട് ഇവിടെ എത്തിയതായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സുഹൃത്തിനെ സന്ദര്‍ശിച്ച ശേഷം തിരികെ പോവുകയായിരുന്ന യുവാവിനെയാണ് ഇരുട്ടുമൂടിയ സ്ഥലത്തുവെച്ച് മോഷ്ടാക്കളുടെ സംഘം ആക്രമിച്ചത്. നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയശേഷം പോക്കറ്റിലുള്ളതെല്ലാം എടുക്കാന്‍ ആവശ്യപ്പെട്ടു. ഉപദ്രവിക്കുമെന്ന് ഭയന്നതിനാല്‍ ഫോണും പഴ്‍സും യുവാവ് അക്രമികള്‍ക്ക് നല്‍കുകയായിരുന്നു. ഇവ കൈക്കലാക്കിയതോടെ സംഘം സ്ഥലത്തുനിന്ന് മുങ്ങുകയും ചെയ്‍തു.

പണം നഷ്‍ടമായ യുവാവ് പരിസരത്തുണ്ടായിരുന്ന ചിലരോട് കാര്യങ്ങള്‍ പറഞ്ഞു. സംസാരിച്ചുനില്‍ക്കവെ മോഷ്‍ടാക്കളിലൊരാള്‍ സൈക്കിളെടുക്കാനായി സുഹൃത്തിനൊപ്പം മടങ്ങിയെത്തുകയായിരുന്നു. പണം നഷ്‍ടമായ യുവാവും പരിസരത്തുണ്ടായിരുന്നവരും ചേര്‍ന്ന് മോഷ്‍ടാവിനെ കീഴടക്കി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് പ്രതിയെ കൈമാറുകയായിരുന്നു.

Follow Us:
Download App:
  • android
  • ios