രണ്ട് വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ട് ദുബൈ. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ രണ്ട് പ്രധാന ഇന്‍റർസെക്ഷനുകളാണ് വികസിപ്പിക്കുന്നത്. വികസനം പൂർത്തിയാവുന്നതോടെ റോഡിന്‍റെ ശേഷി മൂന്നിരട്ടിയോളം കൂടും.
ദുബൈ: റോഡിലെ തിരക്ക് കുറയ്ക്കാൻ രണ്ട് വമ്പൻ പദ്ധതികൾക്ക് തുടക്കമിട്ട് ദുബൈ. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ രണ്ട് പ്രധാന ഇന്‍റർസെക്ഷനുകളാണ് വികസിപ്പിക്കുന്നത്. ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിന്ന് അൽ അവീർ റോഡ്, അൽ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഇന്‍റർസെക്ഷൻ ആണ് വികസിപ്പിക്കുന്നത്.
വികസനം പൂർത്തിയാവുന്നതോടെ റോഡിന്‍റെ ശേഷി മൂന്നിരട്ടിയോളം കൂടും. യാത്രാ സമയം 20 മിനിട്ടിൽ നിന്ന് അഞ്ച് മിനിട്ടായി കുറയും. മണിക്കൂറിൽ കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണത്തിൽ റോഡിന്റെ ശേഷി അയ്യായിരത്തി ഇരുനൂറ് വാഹനങ്ങളിൽ നിന്ന് പതിനാലായിരത്തി നാനൂറ് ആയി കൂടും. വികസനം 2028ൽ പൂർത്തിയാകും. 2300 മീറ്ററിൽ പാലം, ലെയ്നുകൾ വികസിപ്പിക്കൽ, സയവ്വീസ് റോഡുകൾ എന്നിങ്ങനെയാണ് വികസനം. പുതിയ എൻട്രൻസ് , എക്സിറ്റ് എന്നിവ ഉണ്ടാകും.
അൽ അവീർ റോഡിനെ എമിറേറ്റ്സ് റോഡുമായി ചേർക്കും. ഇതിനായി പാലം പണിയും. അൽ അവീർ, ഷാർജ ട്രാഫിക് കുറയും. ജനസംഖ്യാ വർധനവ് കണക്കിലെടുത്ത് താമസകേന്ദ്രങ്ങളിൽ നിന്ന് പ്രധാന റോഡുകലിലേക്ക് സമാന്തര റോഡുകളിലൂടെ പ്രവേശനം അനുവദിക്കും. അൽ മനാമ സ്ട്രീറ്റിലേക്ക് രണ്ടു വരിപ്പാത ഇരുവശത്തേക്കും നാലായി വികസിപ്പിക്കും. ആറ് ലക്ഷത്തിലധികം പേർക്ക് പുതിയ വികസനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.


