Asianet News MalayalamAsianet News Malayalam

നടുറോഡില്‍ വാഹനം കേടായാല്‍; യുഎഇയില്‍ കനത്ത പിഴ ലഭിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

ഹൈവേയില്‍ ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനവും ഒപ്പം വലിയ അപകടങ്ങള്‍ക്ക് കാരണവുമായി മാറും.

rules to follow to avoid  fine when car breaks down on highway
Author
First Published Oct 31, 2022, 2:40 PM IST

അബുദാബി: നടുറോഡില്‍ വാഹനം ബ്രേക്ക് ഡൌണായാല്‍ അപകടം ഒഴിവാക്കാനായി എന്ത് ചെയ്യണമെന്ന അവബോധം പകരാന്‍ വീഡിയോ സന്ദേശവുമായി അബുദാബി പൊലീസ്. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ റോഡില്‍ വാഹനം നിര്‍ത്തുന്നതിലെ അപകട സാധ്യത ഡ്രൈവര്‍മാര്‍ മനസിലാക്കണമെന്ന് പൊലീസ് പറയുന്നു.

ഹൈവേയില്‍ ഒരു വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനവും ഒപ്പം വലിയ അപകടങ്ങള്‍ക്ക് കാരണവുമായി മാറും. അതുകൊണ്ടുതന്നെ വാഹനം റോഡില്‍ വെച്ച് തകരാറിലായാല്‍ സുരക്ഷ ഉറപ്പാക്കാനായി ഡ്രൈവര്‍മാര്‍ ചില പ്രത്യേക നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുന്നത് 500 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്.

വാഹനം നടുറോഡില്‍ വെച്ച് പെട്ടെന്ന് തകരാറിലായാല്‍ ഡ്രൈവര്‍മാര്‍ ചെയ്യേണ്ട ആറ് കാര്യങ്ങള്‍ ഇവയാണ്.
1. വാഹനം റോഡില്‍ നിന്ന് പ്രത്യേക എമര്‍ജന്‍സി ഏരിയകളിലേക്ക് മാറ്റണം.
2. റോഡിന്റെ വലതു വശത്തുള്ള ഷോള്‍ഡറും ഈ സമയത്ത് ഉപയോഗിക്കാവുന്നതാണ്.
3. ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്യണം
4. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി വാഹനത്തിലെ റിഫ്ലക്ടീവ് ട്രയാങ്കിള്‍ റോഡില്‍ വെയ്ക്കണം. തകരാറിലായ വാഹനത്തിന്റെ പിന്നിലായി ഏകദേശം അറുപത് മീറ്റര്‍ അകലെയാണ് ഇത് വെയ്ക്കേണ്ടത്.
5. നിങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി എത്രയും വേഗം വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥലത്തേക്ക് മാറി നില്‍ക്കണം.
6. എമര്‍ജന്‍സി ഹോട്ട്‍ലൈനായ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം തേടണം.

അബുദാബി പൊലീസ് പുറത്തുവിട്ട വീഡിയോ കാണാം...
 


ഒരു കാരണവശാലും വാഹനങ്ങള്‍ റോഡിന് നടുവില്‍ നിര്‍ത്തരുതെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെഡറല്‍ നിയമപ്രകാരം 1000 ദിര്‍ഹം ഇതിന് പിഴ ലഭിക്കും. 

Latest Videos
Follow Us:
Download App:
  • android
  • ios