രാവിലെ ദിര്‍ഹത്തിനെതിരെ 20.05 എന്ന നിലയിലെത്തിയെങ്കിലും 19.98 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 50 ദിര്‍ഹം 04 ഫില്‍സിന് ആയിരം രൂപയാണ് ഇന്നത്തെ നിരക്ക്. പത്തുലക്ഷത്തിലേറെ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ മെച്ചപ്പെട്ടനിരക്കാണ് പല എക്സേഞ്ചുകളും വാഗ്ദാനം ചെയ്തത്. 

അബുദാബി: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍കള്‍ക്ക് സര്‍വകാല നേട്ടം. ഇരുപത് രൂപയാണ് ഇന്ന് ഒരു യുഎഇ ദിര്‍ഹത്തിന് ലഭിച്ചത്. ചരിത്രത്തിലെ മികച്ച നേട്ടം സ്വന്തമാക്കാനായി പണമിടപാട് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രൂപയുടെ തകര്‍ച്ചയില്‍ ഇന്ത്യയില്‍ ആശങ്കയുണ്ടെങ്കിലും ദിര്‍ഹം-രൂപ നിരക്കിലെ നേട്ടം പ്രവാസികളെ സന്തോഷിപ്പിക്കുകയാണ്. 

രാവിലെ ദിര്‍ഹത്തിനെതിരെ 20.05 എന്ന നിലയിലെത്തിയെങ്കിലും 19.98 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 50 ദിര്‍ഹം 04 ഫില്‍സിന് ആയിരം രൂപയാണ് ഇന്നത്തെ നിരക്ക്. പത്തുലക്ഷത്തിലേറെ രൂപ അയക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ മെച്ചപ്പെട്ടനിരക്കാണ് പല എക്സേഞ്ചുകളും വാഗ്ദാനം ചെയ്തത്. രാജ്യാന്തര വിപണിയില്‍ കുവൈത്ത് ദിനാറിന് 240 രൂപ 96 പൈസയാണ് ലഭിച്ച മികച്ച നിരക്ക്. ബഹ്റൈന്‍ ദിനാറിന് 194രൂപ 66 പൈസ, ഒമാനി റിയാല്‍ 190 രൂപ 35 പൈസ, ഖത്തര്‍ റിയാലിന് 20 രൂപ 10 പൈസ, സൗദി റിയാലിന് 19 രൂപ 51 പൈസ എന്നിങ്ങനെയാണ് നിരക്ക്. 

പ്രാദേശിക വിപണിയില്‍ ശരാശരി അഞ്ചും ആറും പൈസയുടെ മാര്‍ജിനെടുത്തുള്ള വ്യത്യാസത്തിലാണ് വിപണനം നടന്നത്. മാസം ആദ്യം കൂടി ആയതിനാല്‍ ഒട്ടുമിക്ക പണമിടപാട് സ്ഥാപനങ്ങളിലും വന്‍തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. നിക്ഷേപം ആഗ്രഹിച്ച് പണം അയക്കുന്നവരാണ് കൂടുതലായി എത്തിയതെന്ന് എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. ഡോളര്‍ ശക്തിപ്രാപിച്ചതും എണ്ണവില ഉയര്‍ന്നതുമാണ് കറന്‍സി വിപണിയില്‍ പ്രതിഫലിച്ചത്