വിഖ്യാത സന്തൂർ വാദകൻ രാഹുൽ ശർമ്മ ദുബായ് എമിറേറ്റ്സ് തീയേറ്ററിൽ സംഗീത പരിപാടി നടത്തുന്നു. മെയ് ഏഴിന് രാത്രി 7.30-ന്

അന്തരിച്ച സന്തൂര്‍ വാദകൻ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയ്ക്ക് ആദരം അര്‍പ്പിച്ച് ദുബായ് എമിറേറ്റ്സ് തീയേറ്ററിൽ സംഗീത പരിപാടി. മെയ് ഏഴിന് രാത്രി 7.30-ന് ശിവകുമാര്‍ ശര്‍മ്മയുടെ മകൻ രാഹുൽ ശര്‍മ്മ സന്തൂര്‍ വായിക്കും. 'സ്വരലയ - സിംഫണി ഓൺ സ്ട്രിങ്സ്' എന്നാണ് പരിപാടിയുടെ പേര്.

കശ്‍മീരിൽ നിന്നുള്ള ഒരു ക്ലാസിക്കൽ സംഗീത ഉപകരണമാണ് സന്തൂര്‍. വിഖ്യാത സന്തൂര്‍ കലാകാരനായിരുന്ന പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മ കഴിഞ്ഞ വർഷം മെയ് മാസമാണ് അന്തരിച്ചത്. 

ഇന്ത്യന്‍ സംഗീതത്തിന്‍റെ ഏറ്റവും വലിയ പ്രതിഭകളിൽ ഒരാള്‍ക്ക് ആദരം അര്‍പ്പിക്കാനുള്ള അവസരത്തിൽ സന്തോഷമുണ്ടെന്ന് പരിപാടിയുടെ സംഘാടക ജ്യോതി ഈശ്വരൻ പറഞ്ഞു. രാഹുൽ ശര്‍മ്മയുടെ കൂടെ കീബോര്‍ഡ്, തബല കലാകാരന്മാരും പങ്കെടുക്കും.

ലോകത്തെ അറിയപ്പെടുന്ന സന്തൂര്‍ കലാകാരനായ രാഹുൽ ശര്‍മ്മ മുൻപ് ലോകപ്രശസ്ത പിയാനിസ്റ്റ് റിച്ചാര്‍ഡ് ക്ലെയ്ഡെര്‍മാനുമായി ചേര്‍ന്ന് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സ്കോട്ട്‍ലൻഡിലെ എഡിൻബ്ര ഫെസ്റ്റിവൽ, യു.കെയിൽ വേൾഡ് ഓഫ് മ്യൂസിക് ആര്‍ട്ട്‍സ് ആൻഡ് ഡാൻസ് വേദികളിലും രാഹുൽ ശര്‍മ്മ സന്തൂര്‍ വായിച്ചിട്ടുണ്ട്.

ഒരു ബോളിവുഡ് സിനിമക്ക് സംഗീത സംവിധാനം നിര്‍വഹിച്ച രാഹുൽ, ലതാ മങ്കേഷ്‍കറുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂ ഏജ്, ഹൈ എനര്‍ജി ട്രാൻസ്, ഫോക് മ്യൂസിക്, സൈക്കഡലിക് സൗണ്ട്സ് എന്നിങ്ങനെ വിവിധ സംഗീത മേഖലകളിൽ രാഹുൽ കഴിവ് തെളിയിച്ചിട്ടുണ്ട്.

രാഹുൽ ശര്‍മ്മയുടെ സംഗീത പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍: 50 AED (balcony), 100 AED Silver, 150 AED Gold, 200 AED Platinum. ടിക്കറ്റ് വാങ്ങാൻ സന്ദര്‍ശിക്കാം - 800tickets