89,500ലേറെ ടണ്‍ മാമ്പഴമാണ് രാജ്യത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. 

റിയാദ്: മാമ്പഴ കൃഷിയില്‍ രാജ്യം 68 ശതമാനം സ്വയം പര്യാപ്തത കൈവരിച്ചതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. 89,500ലേറെ ടണ്‍ മാമ്പഴമാണ് രാജ്യത്ത് പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത്. 

സൗദിയില്‍ 6,966 ഹെക്ടര്‍ സ്ഥലത്ത് മാമ്പഴ കൃഷി ചെയ്യുന്നതായി മന്ത്രാലയം വെളിപ്പെടുത്തി. സൗദി അറേബ്യയിലെ 10 പ്രവിശ്യകളില്‍ മാമ്പഴം കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ ഏറ്റവുമധികം മാമ്പഴം കൃഷി ചെയ്യുന്നത് ജിസാന്‍ പ്രവിശ്യയിലാണ്. പ്രതിവര്‍ഷം 60,026 ടണ്‍ മാമ്പഴമാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. മക്ക പ്രവിശ്യയില്‍ 17,915ഉം മദീന പ്രവിശ്യയില്‍ 4,505 ടണ്‍ മാമ്പഴവും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 

Read Also -  ലാന്‍ഡിങിനിടെ വിമാനത്തില്‍ പുക; ഉടനടി ഇടപെടൽ, ഹൈഡ്രോളിക് സംവിധാനത്തിലെ ഓയില്‍ ചോര്‍ച്ചയെന്ന് വിശദീകരണം

അസീർ മേഖല 2,845 ടൺ, തബൂക്ക് മേഖല (2,575) ടൺ, അൽ-ബഹ (912) ടൺ, നജ്‌റാൻ (347) ടൺ, കിഴക്കൻ പ്രവിശ്യ (198) ടൺ, റിയാദ് (117) ടൺ, ഖാസിം (117) ടൺ എന്നിങ്ങനെയാണ് മാമ്പഴം ഉത്പാദനം ചെയ്യുന്നത്. സൗദി അറേബ്യയിൽ ഉയർന്ന സാമ്പത്തിക വരുമാനമുള്ള ഉഷ്ണമേഖലാ വിളയാണ് മാമ്പഴമെന്നും അതിന്റെ ഉൽപാദന സീസൺ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ നീളുമെന്നും മന്ത്രാലയം പറഞ്ഞു. അല്‍ഫോന്‍സോ, നവോമി, വെലന്‍ഷ്യ, ഇന്ത്യന്‍, തായ്ലന്‍ഡ് ഉള്‍പ്പെടെ ഇരുപതിനം മാമ്പഴങ്ങള്‍ സൗദി അറേബ്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മാമ്പഴം. ദഹനസംവിധാനത്തിന്‍റെ ആരോഗ്യവും ഹൃദയാരോഗ്യവും വര്‍ധിപ്പിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യാന്‍ മാമ്പഴത്തിന് കഴിവുണ്ട്. ചിലതര ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കാനും വിളര്‍ച്ച കുറയ്ക്കാനും മാമ്പഴം സഹായിക്കുമെന്നും പറയപ്പെടുന്നു. കൂടാതെ ചര്‍മ്മത്തിന്‍റെയും കണ്ണിന്‍റെയും ആരോഗ്യത്തിനും മാമ്പഴം നല്ലതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം