രാജ്യത്തെ ആദ്യ സ്മാർട്ട് സിറ്റി ഫോറം റിയാദിൽ നടന്നു.
റിയാദ്: 2030 അവസാനത്തോടെ ആഭ്യന്തര ഉൽപ്പാദനം മൂന്നിരട്ടിയാക്കാനും തൊഴിലവസരങ്ങൾ ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നതാണ് സൗദി അറേബ്യയുടെ വ്യാവസായിക നയമെന്ന് വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദർ അൽ ഖരീഫ്. ഫാക്ടറി ജോലികൾ മൂന്ന് മടങ്ങ് വർധിപ്പിക്കാനും പദ്ധതിയിടുന്നതായി ഗ്ലോബൽ സ്മാർട്ട് സിറ്റി ഫോറത്തിൽ സംസാരിക്കവേ മന്ത്രി വെളിപ്പെടുത്തി.
എതിരാളികളെ മറികടക്കാനും മുന്നോട്ട് പോകാനും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഞങ്ങൾ സാങ്കേതിക വിദ്യയിലാണ് മത്സരിക്കുന്നത്. ആധുനിക കണ്ടുപിടുത്തങ്ങളാൽ സജ്ജീകരിച്ച വ്യവസായിക നഗരങ്ങളിൽ ഫാക്ടറികൾ ഒരുമിച്ചു കൊണ്ടുവരിക എന്നതാണ് നിലവിൽ ലക്ഷ്യമിടുന്നത്. ഇത് മത്സരശേഷി വർധിപ്പിക്കുകയും തൊഴിലാളികളുടെ സുരക്ഷക്ക് മുൻഗണന നൽകുകയും ഉൽപ്പാദനക്ഷമതയുടെ പല വശങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നു. ഞങ്ങൾ ഇതിപ്പോൾ തുടങ്ങുന്നതല്ല, മറിച്ച് മുമ്പ് ചെയ്‌തതിനെ അടിസ്ഥാനമാക്കി പ്രവർത്തനം തുടരുകയാണ്. സ്‌മാർട്ട് സിറ്റികൾ സ്ഥാപിക്കുന്നത് വ്യവസായത്തെ ശക്തിപ്പെടുത്തും.
വ്യവസായവൽക്കരണം സ്മാർട്ട് സിറ്റികളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. സ്മാർട്ട് സിറ്റികളും വ്യവസായിക കേന്ദ്രങ്ങളും സ്ഥാപിച്ച് സംരംഭകരെ ആകർഷിക്കുന്നു. അതിലൂടെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ആ ഉത്തരവാദിത്തമാണ് ഗവൺമെൻറ് പുലർത്തുന്നത്. ജുബൈൽ റോയൽ കമീഷനും ‘മുദ്ൻ’ അതോറിറ്റിയും വഴി 40 വ്യവസായിക നഗരങ്ങളിൽ സാധ്യതകൾ കണ്ടെത്തി മുതലിറക്കുകയാണ്. ഇത് വലിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈദ്യുതീകരണം, ഊർജ ഉപയോഗം, ജല മാനേജ്മെൻറ്, സിവിൽ ഡിഫൻസ്, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ നിർമാണ പ്രക്രിയകൾ നിരീക്ഷിക്കാൻ 20 ലധികം നഗരങ്ങളിൽ സ്മാർട്ട് സിറ്റി ഉപയോഗിച്ചതായും മന്ത്രി പറഞ്ഞു.
Read Also - കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോൾ കളിച്ച ശേഷം വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതം; ഉടൻ മരിച്ചു, നോവായി യുവാവിൻറെ വിയോഗം
ഫോറത്തിൽ മന്ത്രിയും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി മേധാവി ഡോ. അബ്ദുല്ല ബിൻ ഷറഫ് അൽഗാംദിയും ചേർന്ന് ഉൽപ്പാദനത്തിനും ഖനനത്തിനുമുള്ള എക്സലൻസ് കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ചു.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകൾ വികസിപ്പിക്കുക, ഈ മേഖലയുടെ വെല്ലുവിളികളെ അഭിമുഖീകരിക്കുക, ഡാറ്റയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും വഴി പ്രമുഖ വ്യവസായിക ശക്തിയും ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രവുമാക്കി രാജ്യത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കായാണ് എക്സലൻസ് കേന്ദ്രം സ്ഥാപിച്ചത്. റിയാദിലെ അരീന സെൻററിൽ ‘ഒരു നല്ല ജീവിതം’എന്ന തലക്കെട്ടിലാണ് സൗദിയിലെ ആദ്യ സ്മാർട്ട് സിറ്റി ഫോറം സംഘടിപ്പിച്ചത്. 40ലധികം രാജ്യങ്ങളിൽ നിന്നുള്ള 100ലധികം പ്രഭാഷകർ പങ്കെടുത്തു.
(ഫോട്ടോ: സൗദി വ്യവസായ, ധാതു വിഭവശേഷി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫും സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി മേധാവി ഡോ. അബ്ദുല്ല ബിൻ ശറഫ് അൽഗാംദിയും ചേർന്ന് ‘ഉൽപ്പാദനത്തിനും ഖനനത്തിനുമുള്ള എക്സലൻസ് കേന്ദ്രം’ ഉദ്ഘാടനം ചെയ്യുന്നു)
