ഇരുവരും പണം സ്വീകരിക്കുന്നത് അഴിമതി വിരുദ്ധ അതോറിറ്റി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സര്‍ക്കാര്‍ ജോലി സ്വകാര്യ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരെയും പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പിടികൂടുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍. ജിദ്ദ ജനറല്‍ കോടതിയിലെ രണ്ട് ജീവനക്കാരാണ് ഒരു സൗദി പൗരനില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന് പിന്നാലെ അഴിമതി വിരുദ്ധ അതോറിറ്റിയുടെ പിടിയിലായത്. ഇവര്‍ പണം കൈപ്പറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ സൗദി ആന്റി കറപ്ഷന്‍ അതോറിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
കോടതിയിലെ ആറാം ഗ്രേഡ് ജീവനക്കാരനായ അയ്‍മന്‍ അബ്‍ദുറസാഖ് സല്‍വതി എന്നയാള്‍ രണ്ടര ലക്ഷം റിയാലാണ് കൈക്കൂലി വാങ്ങിയത്. ഒരു സൗദി പൗരനും രാജ്യത്തെ ഒരു ഇന്‍വെസ്റ്റ്മെന്റ് കമ്പനിയും തമ്മിലുള്ള കേസില്‍ ജിദ്ദ കോടതി സൗദി പൗരന് 73,17,000 റിയാല്‍ പിഴ ശിക്ഷ വിധിച്ചിരുന്നു. ഈ കേസ് നിയമവിരുദ്ധമായി അപ്പീല്‍ കോടതിയുടെ പരിഗണനയില്‍ എത്തിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ഇയാള്‍ കോടതി ജീവനക്കാര്‍ക്ക് പണം വാഗ്ദാനം ചെയ്‍തത്. അയ്‍മന്‍ അബ്‍ദുറസാഖ് സല്‍വതിക്ക് അഞ്ച് ലക്ഷം റിയാലാണ് ഇയാള്‍ വാഗ്ദാനം ചെയ്‍തിരുന്നത്. ഇതിന്റെ ആദ്യഗഡുവായി രണ്ടര ലക്ഷം റിയാല്‍ കൈപ്പറ്റിയപ്പോഴായിരുന്നു അറസ്റ്റ്.
ഇതേ കോടതിയിലെ തന്നെ ഒമ്പതാം ഗ്രേഡ് ജീവനക്കാരനായ അലി മുഹമ്മദ് അല്‍ദൂഗി എന്നയാളാണ് കൈക്കൂലിയായി വാങ്ങിയ ഒന്നേകാല്‍ ലക്ഷം റിയാലുമായി പിടിയിലായത്. ഒരേ കേസിലെ തന്നെ നിയമവിരുദ്ധ ഇടപാടുകള്‍ക്കായാണ് ഇയാളും പണം വാങ്ങിയത്. ഇരുവരും പണം സ്വീകരിക്കുന്നത് അഴിമതി വിരുദ്ധ അതോറിറ്റി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. സര്‍ക്കാര്‍ ജോലി സ്വകാര്യ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവരെയും പൊതുജന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പിടികൂടുമെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി അറിയിച്ചു. ജീവനക്കാര്‍ വിരമിച്ചതിന് ശേഷമാണ് ഇവര്‍ ചെയ്‍ത കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതെങ്കിലും ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
