ഈ വർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ 143,000 സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്
റിയാദ്: സ്വദേശിവത്കരണ നടപടികൾ സൗദി അറേബ്യയിൽ ആരംഭിച്ച ശേഷം കഴിഞ്ഞ 10 വർഷത്തിനിടെ വൻ തൊഴിൽ നഷ്ടമാണ് വിദേശികൾക്ക് സംഭവിച്ചത്. ഈ കാലയളവിൽ 25 ലക്ഷം സൗദി സ്ത്രീ പുരുഷന്മാർക്ക് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചു. എണ്ണത്തിൽ പുതിയ റെക്കോർഡാണ് ഇതെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഈ വർഷം ആദ്യ മൂന്നുമാസത്തിനുള്ളിൽ തന്നെ 143,000 സ്വദേശികൾക്ക് പുതുതായി തൊഴിൽ ലഭ്യമാക്കുന്നതിന് സാധിച്ചു. ഈ ഉദ്യോഗാർഥികൾക്ക് പരിശീലനം, ശാക്തീകരണം, മെൻ്ററിങ് പ്രോഗ്രാമുകൾക്കായി ചെലവഴിച്ച ആകെ തുക 183 കോടി റിയാലായി.
സ്ഥിതിവിവരം ശേഖരിക്കാൻ തുടങ്ങിയ ശേഷം സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് (6.3 ശതമാനം) എത്തിയെന്നത് തൊഴിൽ വിപണി വികസിപ്പിക്കുന്നതിനും ദേശീയ കേഡറുകളെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ പരിപാടികളുടെയും സംരംഭങ്ങളുടെയും വിജയമാണ് കാണിക്കുന്നതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു.
2024ലെ നാലാം പാദത്തിലെ 11.9 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ സൗദിയിലെ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 10.5 ശതമാനമായി താഴ്ന്നെന്നും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.7 ശതമാനം പോയിൻ്റുകളുടെ വാർഷിക കുറവാണിതെന്നും മന്ത്രാലയം സൂചിപ്പിച്ചു.