റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന്റെ നടത്തിപ്പുകാരാകാന്‍ യോഗ്യതാനടപടികള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യ. ഗെയിംസിന്റെ ആതിഥേയരെ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്തമാസം ഒമാനില്‍ നടക്കാനിരിക്കെയാണ് സൗദി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. നറുക്കെടുപ്പ് അനുകൂലമായാല്‍ 'റിയാദ് 2030' എന്ന പേരില്‍ ഏഷ്യന്‍ ഗെയിംസ് നടത്തും.

ഖത്തറും സൗദിയും മാത്രമാണ് 2030 ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നവരുടെ അന്തിമ പട്ടികയിലുള്ളത്. നറുക്കെടുപ്പിന് മുന്നോടിയായി സൗദിയിലെ ഒരുക്കങ്ങള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ ഗെയിംസ് കമ്മിറ്റി പ്രതിനിധികള്‍ റിയാദിലെത്തി. ഏഷ്യന്‍ ഗെയിംസ് കമ്മിറ്റി ചെയര്‍മാന്‍ ആന്‍ട്രി ക്രൂകോവ്, കമ്മിറ്റിയംഗം ഡോ. ജൂഹീ പാര്‍ക് എന്നിവരെ 'റിയാദ് 2030' സംഘാടകസമിതി പ്രതിനിധി അമീര്‍ ഫഹദ് ബിന്‍ ജലാവി ബിന്‍ അബ്ദുല്‍ അസീസ് സ്വീകരിച്ചു. എട്ടു വേദികളാണ് റിയാദില്‍ ഏഷ്യന്‍ ഒളിംപിക്‌സിനായി സജ്ജീകരിക്കുന്നത്.