Asianet News MalayalamAsianet News Malayalam

യുദ്ധഭീതിക്കിടെ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക്; സൈനിക താവളം തുറക്കാനും സൗദിയുടെ അനുമതി

മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് നടപടിയെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. സൗദി-യുഎസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്. 

Saudi Arabia decides to host US armed forces in the country
Author
Riyadh Saudi Arabia, First Published Jul 20, 2019, 11:47 AM IST

റിയാദ്: ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സേനാംഗങ്ങള്‍ സൗദി അറേബ്യയിലെത്തുന്നു. അമേരിക്കന്‍ സേനയ്ക്ക് രാജ്യത്ത് താവളമൊരുക്കാന്‍ തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മേഖലയിലെ സമാധാനം കാത്തുസൂക്ഷിക്കാനാണ് നടപടിയെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. സൗദി-യുഎസ് സഹകരണം ശക്തമാക്കുന്നതിനും മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിനുമായി അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കാനുള്ള തീരുമാനത്തിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയെന്നാണ് സൗദി ഭരണകൂടം വ്യക്തമാക്കിയത്.  ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെയുള്ള പുതിയ നീക്കം മേഖലയില്‍ യുദ്ധഭീതി പടര്‍ത്തിയിട്ടുണ്ട്.

റിയാദില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസിലായിരിക്കും അമേരിക്കന്‍ സേന തമ്പടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന് പിന്നാലെ 2003ലാണ് ഈ വ്യോമത്താവളം അടച്ചത്. പിന്നീട് അമേരിക്കന്‍ സൈന്യം ഇവിടെനിന്ന് ഖത്തറിലേക്ക് മാറി. നിലവില്‍ യെമനിലെ സൈനിക നീക്കങ്ങള്‍ക്ക് സൗദി അറേബ്യയെ അമേരിക്കന്‍ സൈന്യം സഹായിക്കുന്നുണ്ട്. എന്നാല്‍ പ്രത്യേക സൈനിക താവളം നിലവിലുണ്ടായിരുന്നില്ല. ഇതിനിടെ ഒരു എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുക കൂടി ചെയ്തതിനിന് പിന്നാലെ അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ സൗദി തീരുമാനമെടുക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios