റിയാദ്: സൗദിയില്‍ മദ്യം നിയമവിധേയമാക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ മദ്യം വില്‍ക്കുവാനോ ഉപയോഗിക്കാനോ അനുമതി നല്‍കാന്‍ ഒരു പദ്ധതിയുമില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

സൗദിയില്‍ മദ്യം ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്ന തരത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പും പ്രചരണമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയായ ഉപഭോക്താക്കള്‍ക്ക് മദ്യം വിളമ്പാന്‍ ഹോട്ടലുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും അനുമതി നല്‍കിയെന്നായിരുന്നു അന്ന് വാര്‍ത്തകള്‍. ലൈവ് സംഗീത പരിപാടികള്‍ക്ക് സൗദി വിനോദ അതോരിറ്റി അനുമതി നല്‍കിയതിന് പിന്നാലെ പ്രചരിച്ച ഈ വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് കഴിഞ്ഞ ദിവസങ്ങളിലായി വീണ്ടും ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.

രാജ്യം പരിഷ്കരണപാതയില്‍ മുന്നോട്ട് പോകുമ്പോള്‍ അതില്‍നിന്ന് പിന്നോട്ട് വലിക്കുന്ന തരത്തിലുള്ള വ്യാജപ്രചരണങ്ങളും വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ പരിഷ്കാരങ്ങളും ഇസ്ലാമിക അദ്ധ്യാപനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയില്‍ നൈറ്റ് ക്ലബ് ആംരഭിക്കുന്നുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ വിനോദ അതോരിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്.