14,525 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,511 അതിർത്തി സുരക്ഷാ നിയമലംഘകരും 3,131 തൊഴിൽ നിയമലംഘകരുമാണ്.
റിയാദ്: തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 10,587 പ്രവാസികളെ നാടുകടത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ പുതുതായി 23,167 നിയമലംഘകർ പിടിയിലാവുകയും ചെയ്തു. ജൂലൈ 11 മുതൽ 17 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 14,525 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,511 അതിർത്തി സുരക്ഷാ നിയമലംഘകരും 3,131 തൊഴിൽ നിയമലംഘകരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,593 പേർ അറസ്റ്റിലായി. ഇവരിൽ 69 ശതമാനവും എത്യോപ്യൻ പൗരന്മാരാണ്. 30 ശതമാനം യമനികളും ഒരു ശതമാനം മറ്റ് രാജ്യക്കാരും. അനധികൃതമായി രാജ്യത്തു നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 41 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 16,441 നിയമലംഘകരിൽ 14,255 പുരുഷന്മാരും 2,186 സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 8,622 പേരെ അവരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. ഇവരിൽ 3,393 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലാണ്.
