ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ ഇരുമ്പ് ഷീട്ടുകളടങ്ങിയ കണ്ടെയ്‍നര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. 

റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അധികൃതര്‍ പരാജയപ്പെടുത്തി. ലെബനോനില്‍ നിന്ന് രാജ്യത്തേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന 1.4 കോടിയോളം മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. 

ജിദ്ദ ഇസ്ലാമിക് പോര്‍ട്ടിലെത്തിയ ഇരുമ്പ് ഷീട്ടുകളടങ്ങിയ കണ്ടെയ്‍നര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റിന്റെയും സക്കാത്ത് ആന്റ് ടാക്സ് ജനറല്‍ അതോരിറ്റിയുടെയും കസ്റ്റംസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്വദേശിയെ റിയാദ് മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. ഇയാളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

നേരത്തെ ലെബനോനില്‍ നിന്ന് കൊണ്ടുവന്ന പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലും മയക്കുമരുന്ന് ഗുളികകള്‍ സൗദി അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ ലെബനോനില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതിക്ക് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.