സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പർച്ചേസിങ് തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം നടപ്പിലാക്കി. മെയ് 31 മുതൽ പ്രാബല്യത്തിൽ വന്ന നിയമം, പർച്ചേസിങ്, ലോജിസ്റ്റിക്സ് മേഖലയിലെ 12 പ്രധാന തസ്തികകളെയാണ് ലക്ഷ്യമിടുന്നത്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.

റിയാദ്: സ്വകാര്യ മേഖലയിലെ പ്രൊക്യൂർമെന്‍റ് (പർച്ചേസിങ്) തസ്തികകളിൽ 70 ശതമാനം സൗദിവത്കരണം ഏർപ്പെടുത്താനുള്ള സുപ്രധാന തീരുമാനം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച പുതിയ നിയമം മെയ് 31 മുതലാണ് നടപ്പിലായി തുടങ്ങിയത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിബന്ധന ബാധകമാകുക. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകളുടെ അംഗീകൃത നിർവചനങ്ങൾക്ക് കീഴിൽ വരുന്ന സ്ഥാപനങ്ങൾ നിയമത്തിന്റെ പരിധിയിൽ വരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിബന്ധന ബാധകമാകുന്ന 12 പ്രധാന തസ്തികകൾ

പർച്ചേസിങ്, ലോജിസ്റ്റിക്സ് മേഖലയിലെ പ്രധാനപ്പെട്ട 12 തൊഴിൽ ശീർഷകങ്ങളിലാണ് 70% സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുള്ളത്.

  • പ്രൊക്യുർമെൻറ് മാനേജർ
  • പ്രൊക്യുർമെൻറ് പ്രതിനിധി
  • കോൺട്രാക്ട് മാനേജർ
  • വെയർഹൗസ് കീപ്പർ
  • ലോജിസ്റ്റിക്സ് മാനേജർ
  • വെയർഹൗസ് മാനേജർ
  • ടെൻഡർ സ്പെഷ്യലിസ്റ്റ്
  • പ്രൊക്യുർമെൻറ് സ്പെഷ്യലിസ്റ്റ്
  • ഇ-കൊമേഴ്‌സ് സ്പെഷ്യലിസ്റ്റ്
  • മാർക്കറ്റ് റിസർച്ച് സ്പെഷ്യലിസ്റ്റ്
  • വെയർഹൗസ് സ്പെഷ്യലിസ്റ്റ്
  • പ്രൈവറ്റ് ലേബൽ സപ്ലൈ സ്പെഷ്യലിസ്റ്റ്
  • കർശന പരിശോധനയും നിയമനടപടികളും

നിയമം ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾ നിർദ്ദിഷ്ട സ്വദേശിവത്കരണ നിരക്കുകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണവും പരിശോധനകളും ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികളും വൻ തുക പിഴയും ചുമത്തും. സ്വദേശികൾക്ക് സുസ്ഥിരവും ഉൽപ്പാദനപരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്തെ തൊഴിൽ വിപണി തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പ്രൊക്യുർമെൻറ് മേഖലയിൽ സ്വദേശികളായ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനുമായി മന്ത്രാലയം നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭാവിയിലെ തൊഴിൽ വിപണി ആവശ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാനും, സ്വകാര്യ മേഖലയിലെ ഉയർന്ന നിലവാരമുള്ള ജോലികളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കാനും പുതിയ തീരുമാനം വഴി സാധിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു.