ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്‍ത ശീതീകരിച്ച ചെമ്മീനില്‍ വൈറ്റ് സ്‍പോട്ട് സിന്‍ഡ്രോം വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 

റിയാദ്: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി സൗദി താൽക്കാലികമായി നിർത്തിവെച്ചു. അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചതിന് ശേഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അഭ്യർത്ഥിച്ചതനുസരിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് തീരുമാനമെടുത്തത്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീൻ ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ പോസിറ്റീവ് ഫലം ലഭിച്ചതായി സാമ്പിൾ പരിശോധനയില്‍ വ്യക്തമായതിനെത്തുടർന്നാണ് നിരോധനം.

രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസ് ഇല്ലെന്ന് ഇന്ത്യ വേണ്ടത്ര ഗ്യാരൻറി നൽകുന്നതുവരെയും വൈറസ് സൗദിയുടെ മത്സ്യബന്ധന മേഖലയിലേക്ക് പകരുന്നില്ലെന്ന് ഉറപ്പാക്കുന്നത് വരെയും ഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അതോറിറ്റി അറിയിച്ചു.

Read also: സൗദിയിലും വിസാ സംവിധാനത്തില്‍ മാറ്റം വരുന്നു; അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ ഇനി അധികം വേണ്ട

അറസ്റ്റ് ചെയ്ത് നാടുകടത്തിയത് 10,000 പ്രവാസികളെ; പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി
കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിന് 10,000ല്‍ അധികം പ്രവാസികളെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസ്, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ രാജ്യത്തെ നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക റെയ്‍ഡുകളാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ നടക്കുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയാണ് ഇത്തരം പരിശോധനകളില്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. അറസ്റ്റിലാവുന്ന നിയമലംഘകരെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് മാസത്തിനകം തന്നെ നാടുകടത്തുകയാണ് ചെയ്യുന്നത്. വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് ആഭ്യന്തര മന്ത്രാലയം രൂപം നല്‍കിയ കമ്മിറ്റി, രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തൂടരും. തൊഴില്‍ വിപണികള്‍ പ്രത്യേകമായി കേന്ദ്രീകരിച്ചാണ് പരിശോധനകള്‍ മുന്നോട്ട് പോവുന്നത്.