സൗദി സമഗ്ര വികസന പദ്ധതി ‘വിഷൻ 2030’ന് മൂന്നാം ഘട്ടത്തിന് തുടക്കം. 2026-ൽ ആരംഭിക്കുന്ന പദ്ധതിയുടെ അവസാന ഘട്ടം, രാജ്യത്തെ വികസിത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിടുന്നു. 

റിയാദ്: കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിലുണ്ടായ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകൾക്കിടയിലും സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ ഗുണപരമായ നേട്ടങ്ങൾ നിലനിർത്തിയതായി കിരീടാവകാശിയും ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് കൗൺസിൽ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രസ്താവിച്ചു.

Add Asianetnews as a Preferred SourcegooglePreferred

കൗൺസിൽ ഓഫ് ഇക്കണോമിക് ആൻഡ് ഡെവലപ്‌മെൻറ് അഫയേഴ്‌സ് ‘വിഷൻ 2030’-െൻറ പുരോഗതി അവലോകനം ചെയ്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുൻകൂട്ടി കണ്ടുകൊണ്ടുള്ള തന്ത്രപരമായ ആസൂത്രണവും, വഴക്കമുള്ള സാമ്പത്തിക നയങ്ങളുമാണ് ഈ വൻ മുന്നേറ്റത്തിന് പിന്നിലെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. സൽമാൻ രാജാവിെൻറ മാർഗനിർദേശപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതി, രാജ്യത്തിന്‍റെ സാമ്പത്തിക മേഖല, അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, സാമൂഹിക ജീവിതം എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

വിഷൻ 2030-െൻറ ഏറ്റവും നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം 2026-ൽ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത അഞ്ച് വർഷത്തേക്ക് (2030 വരെ) നീണ്ടുനിൽക്കുന്ന ഈ ഘട്ടം, ദീർഘകാല ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം കാലാനുസൃതമായ മാറ്റങ്ങളോടെ നടപ്പാക്കും. സൗദി അറേബ്യയെ ലോകത്തെ വികസിത രാജ്യങ്ങളുടെ മുൻനിരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത് നീങ്ങുന്നത്.