54 തീർത്ഥടകരാണ് സംഘത്തിൽ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 4 പേർ കാറിൽ യാത്ര ചെയ്തു. നാല് പേർ മക്കയിൽ തന്നെ തങ്ങുകയായിരുന്നു. ബസിലുണ്ടായിരുന്ന 46 പേരില്‍ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം.
റിയാദ്: സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ രക്ഷപ്പെട്ടത് ഒരേ ഒരാൾ മാത്രമെന്ന് റിപ്പോര്‍ട്ട്. ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് മദീനയ്ക്കടുത്ത് വെച്ച് ഡീസൽ ടാങ്കറുമായി ഇടിച്ച് കത്തി 45 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 54 തീർത്ഥടകരാണ് സംഘത്തിൽ ആകെ ഉണ്ടായിരുന്നത്. ഇതില്‍ 4 പേർ കാറിൽ യാത്ര ചെയ്തു. നാല് പേർ മക്കയിൽ തന്നെ തങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമാണ് ബസിൽ അധികമുണ്ടായിരുന്നത്. 46 പേരില്‍ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.
മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണ അപകടം ഉണ്ടായത്. ഉംറ തീർത്ഥാടർ ഉൾപ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ അപകടം. ഇന്ത്യൻ സമയം രാത്രി ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. മദീനയിലെത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിലാണ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തിയത്. ആളിപ്പടർന്ന തീയിൽ തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു. ഒരാൾ മാത്രമാണ് രക്ഷപ്പെട്ടതെന്ന് അനൗദ്യോഗിക വിവരം. ഇത് സ്ഥിരീകരിക്കപ്പടേണ്ടതുണ്ട്. സംഘത്തിൽ 20 പേർ സ്ത്രീകളും 11 കുട്ടികളുമെന്നാണ് റിപ്പോർട്ട്. മരണസംഖ്യ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സിവിൽ ഡിഫൻസും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയതും തീയണച്ചതും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിൽ ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനം തുടങ്ങി. ആശുപത്രികളിലും മറ്റുമായി കോൺസുലേറ്റ് ജീവനക്കാരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. ഉംറ കർമ്മങ്ങൾ നിർവ്വഹിച്ച് മക്കയിൽ നിന്ന് മദീനയിലേക്ക് പോയവരാണ് തീർത്ഥാടക സംഘം. അപകടം എങ്ങനെയെന്നതിലും വിശദമായ വിവരങ്ങൾ വരേണ്ടതുണ്ട്.

