Asianet News MalayalamAsianet News Malayalam

ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്ന് സൗദി അറേബ്യ

വെള്ളിയാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്‍തതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്‍ക് സളിവന്‍ അറിയിച്ചു. 

Saudi Arabia opens airspace to all airlines including from Israel
Author
Riyadh Saudi Arabia, First Published Jul 15, 2022, 11:44 AM IST

റിയാദ്: ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്കായി വ്യോമപാത തുറന്നുകൊടുത്ത് സൗദി അറേബ്യ. നിബന്ധനകള്‍ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും സൗദി അറേബ്യയുടെ വ്യോമപാത ഉപയോഗിക്കാമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ന് ഇസ്രയേലില്‍ നിന്ന് സൗദി അറേബ്യയിലെത്തുന്നതിന് മുന്നോടിയായാണ് പ്രഖ്യാപനം.

വെള്ളിയാഴ്ച രാവിലെയാണ് സൗദി അറേബ്യയുടെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. തീരുമാനത്തെ ജോ ബൈഡന്‍ സ്വാഗതം ചെയ്‍തതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ജെയ്‍ക് സളിവന്‍ അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന അന്താരാഷ്‍ട്ര ചട്ടങ്ങള്‍ പാലിച്ചാണ് എല്ലാ വിമാനക്കമ്പനികള്‍ക്കുമായി വ്യോമപാത തുറന്നുകൊടുക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. ഒപ്പം മൂന്ന് ഭൂഖണ്ഡങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ആഗോള ഹബ്ബെന്ന നിലയിലുള്ള സൗദി അറേബ്യയുടെ സ്ഥാനം കണക്കിലെടുത്തും അന്താരാഷ്‍ട്ര വ്യോമ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വേണ്ടിയാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോരിറ്റി പറയുന്നു.
 

നേരത്തെ ഇസ്രയേലില്‍ നിന്നുള്ള വിമാനങ്ങളും ഇസ്രയേലിലേക്ക് പോകുന്ന വിമാനങ്ങളും സൗദി അറേബ്യയുടെ വ്യോമപാത ഒഴിവാക്കിയായിരുന്നു പറന്നിരുന്നത്. ഇത് സര്‍വീസുകളുടെ സമയദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും അധിക ഇന്ധനച്ചെലവിനും കാരണമായിരുന്നു. സൗദി അറേബ്യയുടെ തീരുമാനം മദ്ധ്യപൂര്‍വ ദേശത്ത് കൂടുതല്‍ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നും ഇത് അമേരിക്കയുടെയും ഇസ്രയേലിന്റെയും സുരക്ഷയും ക്ഷേമവും വര്‍ദ്ധിപ്പിക്കുമെന്നുമാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്.

അതേസമയം ഇസ്രയേലില്‍ നിന്നുള്ള ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി കൊടുക്കുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനോട് പറഞ്ഞിരുന്നു. ഇസ്രയേലിലെ മുസ്‍ലിംകള്‍ക്ക് ഹജ്ജില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 മുതല്‍ യുഎഇയില്‍ നിന്നും ഇസ്രയേലിലേക്കും തിരിച്ചുമുള്ള വിമാനങ്ങളെ തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാന്‍ സൗദി അറേബ്യ അനുവദിച്ചുവരുന്നുണ്ട്. പ്രത്യേക കരാറുകളുടെയൊന്നും പിന്‍ബലമില്ലാതെയാണ് ഇത് സൗദി അറേബ്യ അനുവദിക്കുന്നത്.

Read more: സൗദി അറേബ്യയിൽ മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചു

Follow Us:
Download App:
  • android
  • ios