റിയാദ്: സൗദി അറേബ്യയിൽ നിയമവിധേയമായി താമസിക്കുന്ന ആർക്കും സ്വന്തം സ്പോൺസർഷിപ്പിൽ അതിഥികളെ കൊണ്ടുവരാനുള്ള വിസ പ്രാബല്യത്തില്‍ വരുന്നു. സ്വദേശിക്കും വിദേശിക്കും സ്വന്തം ഉത്തരവാദിത്തത്തിൽ 90 ദിവസം വരെ ആതിഥേയത്വം നൽകാൻ അനുവദിക്കുന്ന വീസയാണിതെന്ന് ഹജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷൻ അബ്ദുല്ല അൽ ഖാദി പറഞ്ഞു

ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് ഉംറ നിർവഹിക്കാനും ഉംറ വീസയിൽ വരുന്നവർക്ക് രാജ്യത്തുടനീളം സഞ്ചരിക്കാനും പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കാനും പുതിയ വിസ നിയമം വഴി സാധിക്കും. മഹ്റം ഇല്ലാതെ ഉംറ വീസ അനുവദിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഹജ് ഉംറ ദേശീയ സമിതിയും മക്ക ചേമ്പർ ഓഫ് കൊമേഴ്സും ഇത് സംബന്ധിച്ച നിർദേശങ്ങൾ മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും ഹജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷൻ അബ്ദുല്ല അൽ ഖാദി പറഞ്ഞു.

പുരുഷ രക്ഷാധികാരി നിബന്ധന എടുത്തു കളയാൻ ഹജ് മന്ത്രാലയത്തിന് മാത്രം സാധിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മഖാം ഉംറ പോർട്ടൽ വഴി അപേക്ഷിക്കുന്നവർക്ക് ടൂറിസം കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാനും ഇടനിലക്കാരില്ലാതെ കുറഞ്ഞ ദിവസത്തിനകം ഉംറ വീസ സമ്പാദിക്കാനും കഴിയും. രാജ്യത്തെ ടൂറിസം മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസ് പൂർത്തിയായ ആർക്കും ടൂറിസം സന്ദർശക വിസ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപനമുണ്ടായിരുന്നു. 440 റിയാലാണ് വിസയുടെ ചെലവ്. ഓൺലൈൻ വഴിയോ ഓൺ അറൈവലായോ ഒരു വർഷം കാലാവധിയുള്ള വീസകൾ ലഭിക്കും.