റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിലെ ബാങ്കിങ് മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ബാങ്ക് ഇടപാടുകൾ പൂർണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും. രാജ്യത്തെ മുഴുവന്‍ ബാങ്കുകളോടും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറാനാണ് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി (സാമ) ആവശ്യപ്പെട്ടത്. 

ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത ബ്രാഞ്ചുകളൊഴികെ ബാങ്കുകളെല്ലാം 16 ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ സംവിധാനമില്ലാത്ത ബ്രാഞ്ചുകളില്‍ കോവിഡ് പ്രതിരോധ ക്രമീകരണങ്ങൾ ഉറപ്പുവരുത്തിയിട്ട് തുറന്ന് പ്രവർത്തിക്കാം. ഇത്തരം ബാങ്ക് ശാഖകളിലെത്തുന്ന ഉപഭോക്താക്കളും മുന്‍കരുതല്‍ സ്വീകരിക്കണം.  ഓണ്‍ലൈന്‍ വഴി ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് പണമയക്കുന്നവരോട് ഫീസ് ഈടാക്കാന്‍ പാടില്ലെന്നും സാമ നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ എ.ടി.എം മെഷീനുകളിലും പണം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശമുണ്ട്.