റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോം സ്ഥിരീകരിച്ച 11 പേരും കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിൽ നിന്നുള്ളവരായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രോഗവ്യാപനം തടയാൻ ഈ മേഖലയിലേക്കുള്ള മുഴുവൻ ഗതാഗത മാർഗവും അടച്ചു. താൽക്കാലികമാണ് നടപടി. ഞായറാഴ്ച രാവിലെ മുതലാണ് റോഡ് ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഖത്തീഫ് ഗവര്‍ണറേറ്റിന്റെ പരിധിയിലുളള പ്രദേശങ്ങളിൽ മാത്രമാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

ഗവര്‍ണറേറ്റിന്റെ തെക്കന്‍ പ്രദേശമായ സൈഹാത് മുതല്‍ വടക്ക് സഫ്‌വ വരെയുളള മുഴുവന്‍ റോഡുകളും അടച്ചിട്ടുണ്ട്. ഇവിടെ പ്രത്യേകം പൊലീസ് ചെക് പൊയിൻറുകളും സ്ഥാപിച്ചിട്ടുണ്ട്. പുറത്തുളളവര്‍ക്ക് ഖത്തീഫിലേക്ക് പൂര്‍ണമായും പ്രവേശനം നിരോധിച്ചു. അതെസമയം ഖത്വീഫിലെ താമസക്കാർക്ക് മേഖലയിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. തിരികെ വരാനേ അനുമതിയുള്ളൂ. ഖത്വീഫ് നിവാസികള്‍ക്ക് അവിടം വിട്ട് പുറത്തുപോകാൻ അനുവാദമില്ല. 

ഖത്വീഫ് ഗവർണറേറ്റിന് കീഴിലുള്ള മുഴവൻ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടേയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ മേഖലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഫാർമസികൾ, പൊതുസുരക്ഷാ സംവിധാനങ്ങൾ, ഗ്യാസ് സ്റ്റേഷനുകൾ തുടങ്ങിയവ പ്രവർത്തിക്കും. ശക്തമായ വൈറസ് പ്രതിരോധ മാർഗങ്ങങ്ങൾ അവലംബിക്കാനും ആരോഗ്യ പരിശോധനകൾക്ക് വിധേയമാകാനും നിർദ്ദേശിച്ചിട്ടുണ്ട്. 

ഇറാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയവരും അവരെ സന്ദർശിച്ചവരുമാണ് ഇപ്പോൾ കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടവർ. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇറാൻ സന്ദർശനം കഴിഞ്ഞ് വന്ന നിരവധി പേർ ഖത്വീഫിലുണ്ടെന്ന് കരുതുന്നു. ഇവർ അടിയന്തരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധനകൾ നടത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദി അരാംകോയിലും ജുബൈല്‍ വ്യവസായ മേഖലയിലും ആരോഗ്യരംഗത്തും ഖത്വീഫില്‍ നിന്നുള്ള നൂറുകണക്കിന് സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് ഖത്തീഫ് വിട്ടുപോകാന്‍ അനുമതിയില്ല. 

ഖത്തീഫിലെ വ്യവസായ കേന്ദ്രങ്ങളിലും ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും മലയാളികള്‍ ഉള്‍പ്പെടെ അനവധി വിദേശികളും ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഖത്വീഫിലെ നിയന്ത്രണം ദമ്മാമിലെ മറ്റു മേഖലകളെ പലനിലയ്ക്കും ബാധിക്കും. എന്നാൽ നിയന്ത്രണങ്ങൾ താല്‍ക്കാലികമാണെന്നും ഇതുമായി പൂർണമായി എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.