ഹാൻഡ്‌ബാളിനായി ക്ലബ്ബ് തലത്തിൽ ഏറ്റവും വലിയ ടൂർണമെന്റുകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു.
റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഹാൻഡ്ബാൾ ടൂര്‍ണമെന്റുകളിലൊന്നായ മെന്‍സ് സൂപ്പര്‍ ഗ്ലോബ് ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ദമ്മാമിൽ ഒക്ടോബർ 18 മുതൽ 23 വരെയാണ് മത്സരം. തുടർച്ചയായി മൂന്നാം തവണയാണ് സൗദി അറേബ്യ ലോക ക്ലബ് ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
സൗദി അറേബ്യന്‍ കായിക മന്ത്രാലയവും സൗദി ഹാൻഡ്ബാൾ ഫെഡറേഷനും സംയുക്തമായാണ് മെന്‍സ് സൂപ്പര്‍ ഗ്ലോബ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. 1997ല്‍ തുടങ്ങിയ സൂപ്പര്‍ ഗ്ലോബ് ചാമ്പ്യന്‍ഷിപ്പ് ലോകത്തിലേറ്റവും കൂടുതല്‍ ക്ലബ്ബുകള്‍ മത്സരിക്കുന്ന ചാമ്പ്യന്‍ഷിപ്പ് കൂടിയാണ്. 12 ക്ലബുകളാണ് ഇത്തവണ മെന്‍സ് സൂപ്പര്‍ ഗ്ലോബ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.
Read also: സൗദി അറേബ്യയില്‍ നിന്ന് ഖത്തറിലേക്ക് പ്രതിദിനം 38 സർവീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ അദീൽ
ഹാൻഡ്‌ബാളിനായി ക്ലബ്ബ് തലത്തിൽ ഏറ്റവും വലിയ ടൂർണമെന്റുകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റുകളുടെയും ഇവന്റുകളുടെയും തുടർച്ചയാണിത്. ദമ്മാം ‘ഗ്രീൻ ഹാളി’ൽ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ലോകത്തിലെ അഞ്ച് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് 12 ക്ലബ്ബുകൾ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യന്‍ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് മൂന്ന് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.
2019 മുതൽ നാല് വർഷത്തേക്ക് ലോക ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ആതിഥേയത്വ അവകാശം നേടിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ദമ്മാമിൽ മത്സരം നടക്കാൻ പോകുന്നത്. ആദ്യ ചാമ്പ്യൻഷിപ്പും ദമ്മാമിലായിരുന്നു.
Read also: ദുബൈയില്‍ താരമായി പറക്കും കാറും ബൈക്കും; ഭാവിയുടെ വാഹനങ്ങള്‍ കാണാന്‍ വന്‍ തിരക്ക്
