വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കി.
റിയാദ്: മക്ക, മദീന ഹറമുകളിൽ (Makkah and Madinah) പ്രവേശിക്കാൻ കോവിഡ് സാഹചര്യത്തിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇമ്യൂൺ സ്റ്റാറ്റസ് (Immune status checking) പരിശോധന പിൻവലിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം (Ministry of Haj and Umrah) അറിയിച്ചു. ഇരുഹറമുകളിലും നിലവിലുണ്ടായിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളെല്ലാം പിൻവലിച്ചത് സംബന്ധിച്ച് ട്വീറ്ററിൽ പോസ്റ്റ് ചെയ്ത സർക്കുലറിലാണ് ഇക്കാര്യവും പറയുന്നത്.
വിദേശത്ത് നിന്ന് വരുന്നവർക്ക് ഉംറ പെർമിറ്റ് ലഭിക്കുന്നതിനും ഇമ്യൂൺ സ്റ്റാറ്റസ് ആവശ്യമില്ല. ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ, ഹോം ക്വാറന്റീൻ, പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നീ നിബന്ധനകളും ഒഴിവാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് മുൻകരുതൽ നടപടികളിൽ ഇളവ് നൽകി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്.
ഇതേതുടർന്ന് ഇരുഹറമുകളിലെ പ്രവേശനത്തിനും ഉംറനിർവഹണത്തിനും ഹറമുകളിലെ നമസ്കാരത്തിനുമുള്ള പെർമിറ്റ് ലഭിക്കാനും ഏർപ്പെടുത്തിയിരുന്ന ആരോഗ്യ മുൻകരുതൽ നടപടികളിലും നിബന്ധനകളിലും ഹജ്ജ് ഉംറ മന്ത്രാലയവും ഇരുഹറം കാര്യാലയവും ഇളവ് വരുത്തിയിരുന്നു. ഹറമുകളിൽ സാമൂഹിക അകലം പാലിക്കൽ, മസ്ജിദുൽ ഹറാമിലെ പ്രാർഥനക്കും മസ്ജിദുന്നബവി സന്ദർശനത്തിനും പെർമിറ്റ് നേടൽ എന്നീ നിബന്ധനകളും ഒഴിവാക്കിയിരുന്നു.
സ്‍പോൺസുടെ ചതിയില്‍പെട്ട് നിയമക്കുരുക്കിലായ പ്രവാസി വനിത ഒടുവില്‍ നാട്ടിലേക്ക് മടങ്ങി
റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) സ്‍പോൺസർ അന്യായമായി ഹുറൂബ് കേസിലാക്കി നിയമക്കുരുക്കിൽപ്പെട്ട കർണാടക സ്വദേശിനിക്ക് മലയാളി സാമൂഹിക പ്രവർത്തകർ (Malayali Social Workers) തുണയായി. ദമ്മാമിലെ നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത് കർണാടക പുത്തൂർ സ്വദേശിനി സഫിയയാണ്.
നാലു വർഷം മുൻപാണ് സഫിയ ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്ക് എത്തിയത്. രണ്ടു വർഷത്തോളം അവിടെ ജോലി ചെയ്തു. ആദ്യമൊക്കെ ശമ്പളം മാസാമാസം കിട്ടിയിരുന്നു. എന്നാൽ പിന്നീട് സ്‌പോൺസറുടെ സാമ്പത്തിക സ്ഥിതി മോശമായത് കാരണം, ശമ്പളം സമയത്തു കിട്ടാതെയായി. ഒടുവിൽ സ്‍പോൺസർ സഫിയയെ മറ്റൊരു സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റി എന്നായിരുന്നു സഫിയയോട് അയാൾ പറഞ്ഞത്. എന്നാൽ സഫിയ അറിയാതെ അവരെ ഹുറൂബ് (ഒളിച്ചോടിയ തൊഴിലാളി) സ്റ്റാറ്റസിൽ പെടുത്തുകയായിരുന്നു.
പുതിയ വീട്ടിൽ ഒരു വർഷത്തോളം നിന്ന ശേഷം, നാട്ടിൽ അവധിക്ക് പോകാൻ ആഗ്രഹം പ്രകടിച്ചപ്പോഴാണ്, താൻ ഹുറൂബിൽ ആണെന്ന് സഫിയ മനസ്സിലാക്കിയത്. തുടർന്ന് ആ കുടുംബക്കാർ സഫിയയെ ദമ്മാം വനിതാ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ചു അവിടെയെത്തിയ നവയുഗം ആക്ടിങ് പ്രസിഡന്‍റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ സഫിയയുമായി സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയും അവരെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
മഞ്ജുവിന്റെയും നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെയും ശ്രമഫലമായി ഓരോ നിയമക്കുരുക്കുകളും അഴിച്ചു. ഇന്ത്യൻ എംബസിയിൽ നിന്നും സഫിയക്ക് ഔട്ട് പാസ് വാങ്ങി നൽകി. ഒടുവിൽ വനിത അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനൽ എക്സിറ്റും അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ചില കർണ്ണാടക സ്വദേശികൾ അവരുടെ ടിക്കറ്റ് സ്‍പോൺസർ ചെയ്തു. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞു സഫിയ നാട്ടിലേയ്ക്ക് മടങ്ങി.
