റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ ആശ്രിതര്‍ക്കായി 62.5 ദശലക്ഷം ദിര്‍ഹം (125 കോടിയോളം ഇന്ത്യന്‍ രൂപ) നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ സ്വദേശികളും വിദേശികളുമായ ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം റിയാല്‍ (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതം നഷ്ടപരിഹാരം നല്‍കാനാണ് സൗദി മന്ത്രിസഭ തീരുമാനമെടുത്തത്. 

ആകെ 125 ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടതായാണ് സ്ഥിരീകരണം. ഇവരില്‍ 60 പേര്‍ സൗദി ആരോഗ്യ മന്ത്രാലത്തിന് കീഴിലുള്ള ആശുപത്രികളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ജീവനക്കാരായിരുന്നു. 65 പേര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുള്ളവര്‍ നാഷണല്‍ ഗാര്‍ഡ് അടക്കമുള്ള മറ്റ് വകുപ്പുകള്‍ക്ക് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്‍തിരുന്നവരുമാണ്.

കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളും വിശദാംശങ്ങളും, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്‍തിരുന്ന  സ്വദേശികളുടെയും വിദേശികളുടെയും ആശ്രിതര്‍ക്ക് ഈ നഷ്ടപരിഹാരത്തുക ലഭിക്കും.