Asianet News MalayalamAsianet News Malayalam

ഹൗസ് ഡ്രൈവറുൾപ്പടെ ഗാർഹിക തൊഴിലാളികളായ പ്രവാസികള്‍ക്ക് ഇനി ഇൻഷുറൻസ് പരിരക്ഷ; നടപടി തുടങ്ങി

സൗദിയില്‍ ഇതുവരെ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. സൗദി സെൻട്രൽ ബാങ്കുമായും നജും ഇൻഷുറൻസ് സർവീസ് കമ്പനിയുമായും സഹകരിച്ചാണ് നടപടി.

Saudi Arabia to introduce insurance scheme for domestic workers including house drivers afe
Author
First Published Feb 2, 2023, 1:57 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പടെയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കാൻ തുടങ്ങി. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾക്കുള്ള ‘മുസാനിദ് പ്ലാറ്റ്ഫോം’ വഴിയാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. 

സൗദി സെൻട്രൽ ബാങ്കുമായും നജും ഇൻഷുറൻസ് സർവീസ് കമ്പനിയുമായും സഹകരിച്ചാണ് നടപടി. സൗദിയില്‍ ഇതുവരെ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. ഗാർഹിക തൊഴിലാളി മരണപ്പെടുകയോ ജോലി ചെയ്യാൻ സാധിക്കാതാവുകയോ പരിക്കേൽക്കുകയോ വിട്ടുമാറാത്ത ഗുരുതര രോഗം ബാധിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ പകരം തൊഴിലാളിയെ റിക്രൂട്ട് ചെയ്ത് എത്തിക്കാനുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കും. 

ഗാർഹിക തൊഴിലാളി മരണപ്പെടുന്ന സന്ദർഭങ്ങളിൽ മൃതദേഹവും വ്യക്തിപരമായ വസ്തുക്കളും സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള ചെലവും ഇൻഷുറൻസ് കമ്പനി വഹിക്കും. തൊഴിലാളി ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഇൻഷുറൻസ് പരിരക്ഷ പ്രകാരം തൊഴിലുടമക്ക് നഷ്ടപരിഹാരം ലഭിക്കും. അപകടം മൂലം പൂർണമായോ ഭാഗികമായോ അംഗവൈകല്യം നേരിടുന്ന തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരവും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും. 

കൂടാതെ തൊഴിലുടമകളുടെ മരണം മൂലമോ സാമ്പത്തിക ശേഷിയില്ലായ്മ കാരണമോ വേതനം ലഭിക്കാത്ത സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ പ്രകാരം നഷ്ടപരിഹാരം ലഭിക്കും. ഒളിച്ചോടുകയോ ജോലി ചെയ്യാൻ വിസമ്മതിക്കുകയോ ചെയ്യുന്ന വേലക്കാരികളെ പാർപ്പിക്കുന്ന അഭയകേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ചെലവ് കുറക്കാനും ഇൻഷുറൻസ് പരിരക്ഷ സഹായിക്കും. 

Read also: ചികിത്സയിലായിരുന്ന പ്രവാസി മലയാളി വിദ്യാർഥിനി നിര്യാതയായി

Follow Us:
Download App:
  • android
  • ios