പല രാജ്യങ്ങളിലും കൊവിഡ് വ്യാപനവും ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിദ്ധ്യവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അനിവാര്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശം

റിയാദ്: കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം (Omicron variant) വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (Saudi Public Health Authority) ജനങ്ങളോട് ആവശ്യപ്പെട്ടു. വിശേഷിച്ചും ഹൈ റിസ്‍ക് രാജ്യങ്ങളിലേക്കുള്ള (Hign risk countries) യാത്രകള്‍ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം മതിയെന്നാണ് ശനിയാഴ്‍ച പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

പല ലോക രാജ്യങ്ങളിലും കൊവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുകയും ഒമിക്രോണ്‍ വകഭേദം വ്യാപിക്കുകയും ചെയ്യുകയാണെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ശനിയാഴ്‍ച പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. വിദേശത്തു നിന്ന് വരുന്ന സ്വദേശികളും പ്രവാസികളും വാക്സിനെടുത്തവരാണെങ്കില്‍ പോലും അഞ്ച് ദിവസത്തേക്ക് മറ്റുള്ളവരുമായി ഇടപഴകരുതെന്നും ശ്വസന സംബന്ധമായ എന്തെങ്കിലും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങളായ മാസ്ക് ധരിക്കല്‍, ജനത്തിരക്കേറിയ പൊതുസ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കല്‍, ഹസ്‍തദാനം ഒഴിവാക്കല്‍ എന്നിവയൊക്കെ തുടരണം. വാക്സിനുകളുടെ പ്രാധാന്യം ഉള്‍ക്കൊള്ളണമെന്നും രണ്ട് ഡോസ് വാക്സിനുകളും ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.