റിയാദ്: നാൽപ്പത്തിയൊന്നാം ഗൾഫ് ഉച്ചകോടി നാളെ സൗദി അറേബ്യയില്‍ നടക്കും. ഖത്തര്‍ അടക്കമുള്ള എല്ലാ രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് സൂചന.

നിർണായക തീരുമാനങ്ങൾക്ക് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്ന നാൽപ്പത്തിയൊന്നാം ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി രാജ്യത്തിന്റെ വടക്ക് - പടിഞ്ഞാറ് ഭാഗത്തെ അൽഉലാ പുരാവസ്‍തു കേന്ദ്രത്തിൽ 'മറായ ഹാളിൽ' നടക്കും.​യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച, ചില്ല്​ ഭിത്തി​ കൊണ്ട് നിർമിച്ച പടുകൂറ്റൻ ഹാളിലാണ്​ ഉച്ചകോടി​​​​. സൗദിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന ഉച്ചകോടിയിൽ ഖത്തറിന്റെ അടക്കമുള്ള എല്ലാ രാഷ്ട്രത്തലവന്മാരും പങ്കെടുക്കുമെന്നാണ് സൂചന.  

മൂന്നര വർഷത്തിലേറായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് അയവുണ്ടാകുന്ന സുപ്രധാന തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടവും പ്രധാന ചർച്ചാ വിഷയമാകുമെന്നാണ് കരുതുന്നത്.
ഗൾഫ് മേഖല കൊവിഡ് പ്രതിസന്ധിയെ തരണം ചെയ്തു വരുകയാണെന്നും രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ദൃഢമാക്കാനുള്ള ശ്രമങ്ങൾക്ക് ഉച്ചകോടി സാക്ഷിയാകുമെന്നും ജി.സി. സി സെക്രട്ടറി ജനറൽ നായിഫ് അൽ ഹജ്‌റഫ് പറഞ്ഞു.