കഴിഞ്ഞ ദിവസം ദമ്മാമിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍ സുബൈദി, ഖാലിദ് ബിന്‍ മാജിദ് ഗസ്‍വാനി എന്നിവരെയാണ് വീടിന് തീയിട്ട് പ്രതി കൊലപ്പെടുത്തിയത്. 

റിയാദ്: സൗദി അറേബ്യയില്‍ വീടിന് തീയിട്ട് രണ്ട് പേരെ കൊലപ്പെടുത്തിയ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ നായിഫ് ബിന്‍ അഹ്‍മദ് ബിന്‍ സഈദ് അല്‍ഖസാബിയ എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം ദമ്മാമിലായിരുന്നു ശിക്ഷ നടപ്പാക്കിയത്. ബല്‍ഖാസിം ബിന്‍ ഫറജ് അല്‍ സുബൈദി, ഖാലിദ് ബിന്‍ മാജിദ് ഗസ്‍വാനി എന്നിവരെയാണ് വീടിന് തീയിട്ട് പ്രതി കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. നടപടികളെല്ലാം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്.

Read also: യുഎഇയില്‍ റോഡപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് പിടിയിലായ യുവാവിന്റെ വധശിക്ഷയും കഴിഞ്ഞയാഴ്ച നടപ്പാക്കിയിരുന്നു. ഇബ്രാഹിം ബിന്‍ അബാദ് ദഹ്‍ലി എന്ന സൗദി പൗരന്റെ വധശിക്ഷയാണ് വ്യാഴാഴ്ച നടപ്പാക്കിയതെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാള്‍ ഒരു ഭീകര സംഘടനയുമായി ചേര്‍ന്ന പ്രവര്‍ത്തിച്ചുവെന്നും സൗദി അറേബ്യയ്ക്ക് അകത്തും പുറത്തുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്‍തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കണമെന്ന ലക്ഷ്യത്തോടെ ഇയാള്‍ ഒരു സെക്യൂരിറ്റി ചെക്ക് പോയിന്റിന് നേരെ വെടിവെച്ചു. ഈ സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. പിന്നീട് അറസ്റ്റിലായ പ്രതിയെ ക്രിമിനല്‍ കോടതിയില്‍ വിചാരണ ചെയ്യുകയും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനാവശ്യമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും പിന്നീട് ഈ ശിക്ഷാ വിധി ശരിവെച്ചു. തുടര്‍ന്ന് ശിക്ഷ നടപ്പാക്കാന്‍ സൗദി റോയല്‍ കോര്‍ട്ടില്‍ നിന്നുള്ള ഉത്തരവ് കൂടി ലഭിച്ചതോടെയാണ് വ്യാഴാഴ്ച മക്ക പ്രവിശ്യയില്‍ വെച്ച് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.