തായിഫ്: വൃത്തിഹീനമായ സാഹചര്യത്തിലും ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചിരുന്ന റസ്റ്റോറന്റ് സൗദി അധികൃതര്‍ പൂട്ടിച്ചു. ഈസ്റ്റ് തായിഫ് ബലദിയ പരിധിയിലായിരുന്നു സംഭവം. ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നതിനുപയോഗിച്ചിരുന്ന മൈദ, തൊഴിലാളികളുടെ താമസ സ്ഥലത്തെ ടോയ്‍ലെറ്റിലായിരുന്നു സൂക്ഷിച്ചിരുന്നത്.

നഗരസഭാ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.  റസ്റ്റോറന്റ് തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലവും അധികൃതര്‍ പൂട്ടിച്ചിട്ടുണ്ട്. തൊഴിലാളികളുടെ താമസ സ്ഥലത്തുവെച്ച് ഹോട്ടലിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ തയ്യാറാക്കിയിരുന്നതായും കണ്ടെത്തി. ഇറച്ചിയുടേയും പച്ചക്കറികളുടെയും വന്‍ശേഖരം ഇവിടെ ഉണ്ടായിരുന്നെങ്കിലും വൃത്തിഹീനമായ സാഹചര്യത്തില്‍ യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. ഇറച്ചിയുടെ ഉറവിടം പോലും വ്യക്തമായിരുന്നില്ല. പല ഭക്ഷ്യ വസ്തുക്കളും ഉപയോഗശൂന്യമായ നിലയിലുള്ളവയുമായിരുന്നു. സ്ഥാപനത്തിന് കനത്ത പിഴ ചുമത്തിയതായും മറ്റ് ശിക്ഷാ നടപടികളും ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.