അമിതമായ അളവിൽ ഉലുവ കഴിക്കരുത്; ദിവസേനയുള്ള ഉപയോഗം പരിമിതപ്പെടുത്തുക, ഗർഭിണികൾക്ക് നിർദ്ദേശവുമായി സൗദി അധികൃതർ

അമിതമായ അളവില്‍ ഉലുവ കഴിക്കുന്നത് ദോഷങ്ങളും ഉണ്ടാക്കും. 

saudi authorities urged pregnant women should avoid large amount of fenugreek tonic

റിയാദ്: ഉലുവ അടങ്ങിയിട്ടുള്ള ടോണികുകള്‍ അമിതമായ അളവില്‍ ഉപയോഗിക്കരുതെന്ന് ഗര്‍ഭിണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. ദിവസവും 5 മുതല്‍ 10 ഗ്രാം വരെ മാത്രമെ ഉലുവ കഴിക്കാവൂ എന്ന് അതോറിറ്റി വിശദമാക്കി. 

ട്രിഗോണെല്ല ഫോനം-ഗ്രേകം എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഉലുവ വിശപ്പ് വര്‍ധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നതും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുള്ളതുമാണ്. ഗര്‍ഭിണികള്‍ക്ക് പ്രസവശേഷം മുലപ്പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ഉലുവ സഹായിക്കും. എന്നാല്‍ ഗര്‍ഭകാലത്ത് ഇതിന്‍റെ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. 

പ്രമേഹ മരുന്നുകൾ, രക്തം കട്ടിയാക്കുന്ന മരുന്നുകൾ, കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ എന്നിവയുമായി ഉലുവ ഇടപെടുന്നതിന് സാധ്യതയുണ്ട്. ചെറു പയർ, നിലക്കടല തുടങ്ങിയ പയർവർഗങ്ങൾ അലർജിയുള്ളവരിൽ ഉലുവ അലർജി ഉണ്ടാക്കാം. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ച മുൻപ് എങ്കിലും ഉലുവ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിര്‍ദ്ദേശിച്ചു. കാരണം ഇത് രക്തസ്രാവം വർധിപ്പിക്കുന്നതിന് കാരണമാകാനും സാധ്യതയുണ്ട്.

ഉലുവയ്ക്ക് ഗുണങ്ങളേറെയാണെങ്കിലും ഇത് അമിതമായ അളവില്‍ കഴിക്കുമ്പോള്‍ പല ദോഷങ്ങളും ഉണ്ടാകാം. വയര്‍ വീര്‍ത്ത അവസ്ഥ, ഗ്യാസ്, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉലുവയുടെ അമിത ഉപയോഗം മൂലം ഉണ്ടാകാം. ആരോഗ്യ വിദഗ്ധരെ കണ്‍സള്‍ട്ട് ചെയ്ത ശേഷം ഉലുവ കഴിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios