റിയാദ്: ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. സൗദി ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്സര്‍ലണ്ട്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്. ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും തടഞ്ഞു. ചരക്കു നീക്കങ്ങള്‍ക്ക് തടസ്സമുണ്ടാകില്ല. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പൈന്‍സിലേയും ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ അനുമതിയുണ്ട്.

ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ പതിനാലു രാജ്യങ്ങളിലേക്കു നേരത്തെ സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവധിക്കു നാട്ടിൽ പോയ മലയാളികൾ ഉൾപ്പെടെ നിരവധി പേര്‍ വിസ കാലാവധി കഴിയുന്നതിനു മുമ്പ് തിരിച്ചെത്താൻ കഴിയുമോയെന്ന ആശങ്കയിലാണ്. അവധിക്കു നാട്ടിൽ പോകാനിരുന്ന പലരും ഇതിനോടകം യാത്ര മാറ്റിവെച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക