സൗദിയില്‍ 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും. സകാക, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ആദ്യം ദൃശ്യമാകുക.

റിയാദ്: ഭാഗിക സൂര്യ ഗ്രഹണം (partial solar eclipse) ദൃശ്യമാകുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 25) ഉച്ചയ്ക്ക് ഗ്രഹണ നമസ്‌കാരം നിര്‍വഹിക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രാലയം. രാജ്യത്തെ പള്ളികളിലെ ഇമാമുമാര്‍ക്ക് മന്ത്രാലയം ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഉച്ചയ്ക്ക് 1.30 മുതല്‍ വൈകുന്നേരം 3.50 വരെയാണ് ഭാഗിക സൂര്യ ഗ്രഹണം സംഭവിക്കുക. സൗദിയില്‍ 40 ശതമാനം ഗ്രഹണം അറാറില്‍ ദൃശ്യമാകും. സകാക, അല്‍ജൗഫ് എന്നിവിടങ്ങളിലാണ് ആദ്യം ദൃശ്യമാകുക. ഉച്ചയ്ക്ക് 1.08നാണ് ഇവിടെ ഗ്രഹണം തുടങ്ങുക. ജിസാനിലും നജ്‌റാനിലുമാണ് ഏറ്റവും അവസാനം ഗ്രഹണം ദൃശ്യമാകുക. ഉച്ചയ്ക്ക് 1.51നാണിത്.

അതേസമയം യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഇന്ന് ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്‍കാരം നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുകയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. സ്വലാത്തുല്‍ കുസൂഫ് എന്ന് അറിയപ്പെടുന്ന ഗ്രഹണ നമസ്‍കാരം.

Read More - പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്ന് മന്ത്രാലയം

ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത്ത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക. 

Read More -  ഒക്ടോബർ 25ന് ഭാ​ഗിക സൂര്യ​ഗ്രഹണം; രാജ്യത്ത് എവിടെയെല്ലാം കാണാം, എങ്ങനെയെല്ലാം കാണാം.!

ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നത് കണക്കിലെടുത്ത് കുവൈത്തിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 01:20 ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

അവധിക്ക് ശേഷം സ്‌കൂളുകള്‍ ബുധനാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും അനുയോജ്യമായ പഠന അന്തരീക്ഷത്തിനുമായി വേണ്ട എല്ലാ നടപടികളും സ്വീകരിക്കുന്നത് മന്ത്രാലയം ഉറപ്പാക്കാറുണ്ട്.