സൗദി അറേബ്യയിൽ രണ്ട് വധശിക്ഷകൾ നടപ്പാക്കി. പെറ്റമ്മയെ വെടിവെച്ചു കൊന്ന സൗദി പൗരനെയും, കഞ്ചാവ് വിൽപന നടത്തിയ മറ്റൊരാളെയുമാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. രാജ്യത്ത് നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: പെറ്റമ്മയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ സൗദി പൗരെൻറ വധശിക്ഷ ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിൽ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാസർ ബിൻ ഈദ് ബിൻ അവ്വാദ് അൽ-മുദൈബ്രി എന്നയാളാണ് സ്വന്തം മാതാവായ ഫാത്തിമ ബിൻത് സ്വലാഹ് ബിൻ ഗുവൈനിം അൽ മുദൈബ്രിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

സംഭവത്തിന് പിന്നാലെ സുരക്ഷാ അധികൃതർ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണത്തിൽ കുറ്റം തെളിയുകയും ചെയ്തിരുന്നു. ജന്മം നൽകിയ മാതാവിനോട് കാണിച്ച ക്രൂരവും ദാരുണവുമായ ഈ കുറ്റകൃത്യത്തിന് തടയിടുന്നതിനും മറ്റുള്ളവർക്ക് മുന്നറിയിപ്പാവാനും വധശിക്ഷ തന്നെ നൽകാൻ പ്രത്യേക കോടതി വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവെച്ചതിനെ തുടർന്ന്, ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.

പൊതുജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി ഉയർത്തുന്നവർക്കും അതിക്രമങ്ങൾ കാണിക്കുന്നവർക്കും ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കഠിന ശിക്ഷ തന്നെ ഉറപ്പാക്കുമെന്നും രാജ്യത്ത് നീതിയും സുരക്ഷയും നിലനിർത്താൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മറ്റൊരു കേസിൽ, രണ്ടാം തവണയും കഞ്ചാവ് വിൽപനയിലും വിതരണത്തിലും പങ്കാളിയായ സാമി ബിൻ ജാബിർ ബിൻ മുത്ഇബ് ഹരീസി എന്ന സൗദി പൗരന്റെ വധശിക്ഷയും ശനിയാഴ്ച ജീസാൻ പ്രവിശ്യയിൽ നടപ്പിലാക്കി. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് വിചാരണക്കോടതി നൽകിയ വധശിക്ഷ അപ്പീൽ, സുപ്രീം കോടതികൾ ശരിവെക്കുകയും രാജകീയ ഉത്തരവിലൂടെ നടപ്പാക്കുകയുമായിരുന്നു. ലഹരിമരുന്ന് വിപത്ത് സമൂഹത്തിനും യുവതലമുറയ്ക്കും വരുത്തിവെക്കുന്ന ഗുരുതരമായ നാശനഷ്ടങ്ങൾ തടയുന്നതിന്റെ ഭാഗമായി, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ഏറ്റവും കടുത്ത നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.