ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യത്തെ സൗദി വനിതയാണ് റയാന ബർനാവി. സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ സംഘത്തിലുള്ള മറ്റ് രണ്ടുപേർ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറുമാണ്.
റിയാദ്: സൗദി സഞ്ചാരികളായ റയാന ബർനാവി, അലി അൽഖർനി എന്നിവർ അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പുറപ്പെടും. സൗദി സ്‌പേസ് അതോറിറ്റി, ആക്‌സിയം സ്‌പേസ്, അമേരിക്കൻ സ്‌പേസ് ഏജൻസി (നാസ), സ്‌പേസ് എക്‌സ് കമ്പനി എന്നിവ അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് യാത്രയുടെ ഔദ്യോഗിക തീയതി പ്രഖ്യാപിച്ചത്.
സൗദി ബഹിരാകാശ അതോറിറ്റിയിലെ കൺസൾട്ടന്റ് എൻജിനീയർ മശാഇൽ അൽ ശുമൈമറി, ആക്‌സിയം സ്‌പേസ് പ്രസിഡൻറും സി.ഇ.ഒയുമായ മൈക്കൽ ടി. സഫ്രെഡിനി, നാസയുടെയും സ്‌പേസ് എക്‌സിന്റെയും പ്രതിനിധികൾ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു. സൗദി സഞ്ചാരികളുൾപ്പടെ ‘എ.എക്സ് 2 ബഹിരാകാശ ദൗത്യ സംഘ’ത്തിൽ നാല് പേരാണുള്ളത്. ബഹിരാകാശ സഞ്ചാരിയാകുന്ന ആദ്യത്തെ സൗദി വനിതയാണ് റയാന ബർനാവി. സഹചാരിയായ സൗദി പൗരൻ അലി അൽഖർനിയെയും കൂടാതെ സംഘത്തിലുള്ള മറ്റ് രണ്ടുപേർ പെഗ്ഗി വിറ്റ്സണും ജോൺ ഷോഫ്നറുമാണ്.
യാത്രയ്ക്ക് തയ്യാറെടുക്കാൻ തീവ്രമായ പ്രത്യേക പരിശീലന പരിപാടിക്ക് വിധേയരായ സൗദി ബഹിരാകാശ യാത്രികരെ വാർത്താസമ്മേളനത്തിൽ പ്രത്യേകം പ്രശംസിച്ചു. മികച്ച കഴിവുകളും അനുഭവപരിചയവും ഉയർന്ന ശാരീരിക ക്ഷമതയും മാനസിക വഴക്കമുള്ളവരുമാണിവർ. ബഹിരാകാശ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ഇത് അവരെ പ്രാപ്തരാക്കും. എൻജിനീയറിങ്, റോബോട്ടിക്സ്, ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ അവർ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. ഈ ദൗത്യം ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന് ഒരു പുതിയ യുഗം തുറക്കുമെന്നും രണ്ട് ചരിത്ര സംഭവങ്ങളുടെ നാഴികക്കല്ലാണെന്നും അവർ ചൂണ്ടിക്കാട്ടി.
ബഹിരാകാശത്ത് ഒരു സൗദി വനിതയുടെ ആദ്യ ദൗത്യമാണ്. വിവിധ മേഖലകളിൽ രാജ്യത്ത് സ്ത്രീകൾ കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. കൂടാതെ ഒരു സൗദി അറേബ്യൻ ടീം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവർത്തിക്കുന്നത് ഇതാദ്യമാണ്. പരിശീലന പരിപാടിയിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രോഗ്രാമുകളിലും പ്രവർത്തന പ്രക്രിയകളിലും വിദഗ്ധ പരിശീലനം നൽകിയിട്ടുണ്ട്. കാലിഫോർണിയയിലെ ഹത്തോണിലുള്ള സ്‌പേസ് എക്‌സ് ആസ്ഥാനത്തെ പര്യവേഷണ നൈപുണ്യ പരിശീലനത്തിന് പുറമേ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജാപ്പനീസ്, യൂറോപ്യൻ ഗവേഷണ കേന്ദ്രങ്ങളിൽ ഇവർ പരിശീലനം നടത്തിയായും അവർ പറഞ്ഞു.
