റിയാദ്: യെമനില്‍ ഐ.എസ് നേതാവിനെ പിടികൂടിയതായി സൗദി സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന അബു ഉസാമ മുഹാജിര്‍ എന്നയാളെയാണ് യെമനിലെ സുരക്ഷാ വിഭാഗവുമായി സഹകരിച്ച് സൗദി സേന പിടികൂടിയത്.

അബു ഉസാമയും സംഘവും ഉപയോഗിച്ചിരുന്ന വീട് രഹസ്യമായി നിരീക്ഷിച്ചായിരുന്നു ഓപ്പറേഷന്‍. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് ഭീകരരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൗദി അധികൃതര്‍ അറിയിച്ചു. മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഈ വീട്ടില്‍ ഉണ്ടായിരുന്നെന്നും സൈനിക നടപടിയില്‍ ഇവര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.