Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലാത്ത പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി

21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ നല്‍കാം. ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും സൗദിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന റിപ്പോര്‍ട്ടും വേണം. രാജ്യത്തിനകത്ത് നിന്ന് അപേക്ഷ നല്‍കുന്നവര്‍ ഇപ്പോഴത്തെ ഇഖാമ വിവരങ്ങള്‍ കൂടി നല്‍കണം. 

Saudi green card online platform is open
Author
Riyadh Saudi Arabia, First Published Jun 25, 2019, 10:24 AM IST

റിയാദ്: സൗദിയില്‍ സ്വദേശികള്‍ക്കുള്ള നിരവധി ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭ്യമാക്കുന്ന പ്രീമിയം ഇഖാമയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. ഓണ്‍ലൈനില്‍ മൂന്ന് ഘട്ടങ്ങളായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആജീവനാന്ത കാലാവധിയുള്ളതും ഓരോ വര്‍ഷവും പുതുക്കേണ്ടതും എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നത്.

രാജ്യത്ത് കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് സൗദി കിരീടാവകാശി പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് പ്രീമിയം ഇഖാമ. വന്‍കിട സംരംഭകര്‍ക്ക് പുറമെ ഇടത്തരം സംരംങ്ങള്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും ഇത് പ്രയോജനപ്പെടുത്താം. വലിയ വരുമാനക്കാര്‍ക്കും പദ്ധതി ഗുണം ചെയ്യും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി പ്രീമിയം റസിഡന്‍സി സെന്റര്‍ ആരംഭിച്ചു. https://saprc.gov.sa എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

21 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അപേക്ഷ നല്‍കാം. ആരോഗ്യ, സാമ്പത്തിക റിപ്പോര്‍ട്ടും സൗദിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയല്ലെന്ന റിപ്പോര്‍ട്ടും വേണം. രാജ്യത്തിനകത്ത് നിന്ന് അപേക്ഷ നല്‍കുന്നവര്‍ ഇപ്പോഴത്തെ ഇഖാമ വിവരങ്ങള്‍ കൂടി നല്‍കണം. രേഖകളെല്ലാം വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്ത് നല്‍കാനാവും. ആജീവനാനന്ത കാലാവധിയുള്ള പ്രീമിയം ഇഖാമയ്ക്ക് എട്ട് ലക്ഷം റിയാലാണ് ഫീസ്. ഓരോ വര്‍ഷവും പുതുക്കുന്ന തരത്തിലുള്ളതാണെങ്കില്‍ ഒരു ലക്ഷം റിയാല്‍ നല്‍കണം. വെബ്‍സൈറ്റില്‍ വിവരങ്ങളും രേഖകളും നല്‍കി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അര്‍ഹനാണെങ്കില്‍ അക്കാര്യം ഇമെയില്‍ വഴി അറിയിക്കും. ഇതിന് ശേഷം ഫീസ് അടച്ചാല്‍ മതിയാവും. ഫീസ് അടച്ചാല്‍ ഒരു മാസത്തിനകം ഇഖാമ ലഭിക്കും. 

സൗദിയില്‍ സ്‍പോണ്‍സര്‍ ആവശ്യമില്ലെന്നതിന് പുറമെ ബന്ധുക്കള്‍ക്ക് സൗജന്യമായി സന്ദര്‍ശക വിസകള്‍, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാനുള്ള അവകാശം, രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉമസ്ഥാവകാശം, മക്കയിലെയും മദീനയിലെയും റിയല്‍ എസ്റ്റേറ്റ് ഉപയോഗം, സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാം,  രാജ്യത്ത് നിന്ന് എപ്പോള്‍ വേണമെങ്കിലും പുറത്തുപോകാനും തിരിച്ചുവരാനുമുള്ള സ്വാതന്ത്ര്യം, വിമാനത്താവളങ്ങളിലെ സ്വദേശികളുടെ സൗകര്യങ്ങള്‍ തുടങ്ങിയവയൊക്കെ പ്രീമിയം ഇഖാമ സ്വന്തമാക്കുന്നവര്‍ക്ക് ലഭിക്കും. പ്രീമിയം ഇഖാമയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios