റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ ഫീസിളവ് നൽകാൻ ഹയർ ബോർഡിന്റെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനം.  കൊവിഡ് കാലത്ത് ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കുകയുള്ളൂ. മറ്റെല്ലാ അഡീഷനൽ ഫീസുകളും ഒഴിവാക്കും. ഫീസ് കുടിശിക പരിഗണിക്കാതെ മുഴുവൻ വിദ്യാർഥികൾക്കും ഇപ്പോൾ നടക്കുന്ന ഓൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും. 

ഫീസ് കുടിശികയുണ്ടെന്ന കാരണം പറഞ്ഞുള്ള  വിവേചനമുണ്ടാവില്ല. കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ അവസ്ഥ പരിഗണിച്ചാണ് സംയുക്ത  യോഗം ഈ തീരുമാനങ്ങൾ കൈക്കൊണ്ടതെന്ന് സൗദിയിലെ ഇന്ത്യൻ സ്കൂളുകളുടെ രക്ഷാധികാരി കൂടിയായ അംബാസഡർ ഡോ. ഔസാഫ് സഈദ് വാർത്താക്കുറിപ്പിൽ  അറിയിച്ചു. രക്ഷിതാക്കളുടെ വിഷമതകളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ് അനുകമ്പയോടെ പ്രവർത്തിക്കാൻ സ്കൂളുകളോട് യോഗം ആവശ്യപ്പെട്ടു. ചെലവ് ചുരുക്കൽ നടപടികൾക്ക് സ്കൂൾ ജീവനക്കാരെ വിധേയരാക്കുകയോ പിരിച്ചുവിടുകയോ ഇല്ല. അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ലഭിക്കുന്ന ശമ്പളം അധിക  ആനുകൂല്യങ്ങളിലും ശമ്പളവർധനവിലും നേരിയ വ്യതിയാനത്തോടെ നൽകും.

ഫീസ് കുടിശിക പരിഗണിക്കാതെ എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും, മറ്റ് ഫീസുകളെല്ലാം കിഴിച്ചുള്ള ട്യൂഷൻ ഫീസ് മാത്രമേ രക്ഷിതാക്കളിൽ നിന്ന് ഈടാക്കുകയുള്ളൂ, ഓൺലൈൻ പഠനത്തിന്റെ ചെലവ് ട്യൂഷൻ ഫീസായി കണക്കാക്കും. കൊവിഡ് 19 കാലം അവസാനിച്ച ശേഷം മാത്രമേ നേരത്തെയുണ്ടായിരുന്ന രീതി പുനഃസ്ഥാപിക്കൂ എന്നിവയാണ് യോഗമെടുത്ത തീരുമാനങ്ങൾ. ഇത് സംബന്ധിച്ച്  വിശദമായ മാർഗനിർദേശങ്ങൾ ഹയർ ബോർഡ് മുഴുവൻ ഇന്റര്‍നാഷനൽ ഇന്ത്യൻ സ്കൂളുകൾക്കും നൽകും. ഈ ഇളവുകളും തീരുമാനങ്ങളും ജൂൺ ഒന്നിന് വീണ്ടും  പരിശോധിക്കും. ഇതേ മാർഗനിർദേശങ്ങൾ സൗദിയിലെ സ്വകാര്യമേഖലയിലുള്ളതടക്കം മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളും അംഗീകരിച്ച് നടപ്പാക്കണമെന്നും യോഗം  ആവശ്യപ്പെട്ടു.