പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധ തൊഴിലാളികൾക്ക് ഇനി മുതൽ സ്വന്തം വിസ നടപടികൾക്കൊപ്പം കുടുംബാംഗങ്ങളെയും ഒപ്പം കൂട്ടാം. ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ശമ്പളം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിഭാഗം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഇതിനുള്ള അനുമതി നൽകുക.

റിയാദ്: പുതിയ തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് വരുന്ന വിദഗ്ധരായ തൊഴിലാളികൾക്ക്, സ്വന്തം തൊഴിൽ വിസ നടപടികൾക്കൊപ്പം തന്നെ കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി. സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന ഈ നിർണായക തീരുമാനം പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയം, മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എല്ലാവരുടെയും ജീവിതനിലവാരം ഉയർത്തുന്നതിനും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിലവിൽ തൊഴിൽ വിസയിലെത്തുന്ന വിദഗ്ധ തൊഴിലാളികൾ സൗദിയിൽ എത്തി പ്രവാസരേഖകൾ ശരിയാക്കിയ ശേഷമായിരുന്നു കുടുംബത്തിനായുള്ള വിസ നടപടികൾ ആരംഭിച്ചിരുന്നത്. എന്നാൽ പുതിയ പരിഷ്കാരത്തോടെ, തൊഴിലാളിക്ക് തന്റെ വിസ പ്രോസസിംഗിനൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും സ്വന്തമാക്കാനാകും.

ആർക്കൊക്കെയാണ് ഇളവ്?

ഭർത്താവ്, ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരാണ് ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരുന്നത്. വിദഗ്ധ തൊഴിലാളികൾ തങ്ങളുടെ ജോലി സംബന്ധമായ നടപടികളും വ്യവസ്ഥകളും പൂർത്തിയാക്കുന്നതോടെ കുടുംബാംഗങ്ങൾക്കും എൻട്രി വിസ അനുവദിക്കും.

നിബന്ധനകളും യോഗ്യതകളും

കുടുംബത്തെ ഒപ്പം കൂട്ടുന്ന കുടുംബനാഥന് നിശ്ചിത യോഗ്യതകൾ ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യവസ്ഥ വെച്ചിട്ടുണ്ട്. തൊഴിലാളിയുടെ ശമ്പള പരിധി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ വിഭാഗം (തൊഴിൽ കാറ്റഗറി) എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അനുമതി ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ നിബന്ധനകളും വ്യവസ്ഥകളും വരുംദിവസങ്ങളിൽ അധികൃതർ പുറത്തുവിടും. എൻട്രി വിസയിൽ സൗദിയിൽ പ്രവേശിച്ച ശേഷം, നിലവിലെ നിയമപരമായ നടപടിക്രമങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി കുടുംബാംഗങ്ങളുടെ താമസരേഖ (ഇഖാമ) നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.