സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല.

റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിച്ചു. എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും ഒഴിവാക്കി. അടച്ചിട്ട ഇടങ്ങളില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മക്ക, മദീന പള്ളികളില്‍ മാസ്‌ക് ആവശ്യമാണ്.

സ്ഥാപനങ്ങള്‍, വിനോദ പരിപാടികള്‍, പൊതുപരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ പ്രവേശിക്കുന്നതിന് ഇനി വാക്സിനേഷന്‍ തെളിവ് ആവശ്യമില്ല. അതേസമയം, പ്രതിരോധ നടപടികള്‍ തുടരാന്‍ ആഗ്രഹിക്കുന്ന ആശുപത്രികള്‍, പൊതു പരിപാടികള്‍, വിമാനങ്ങള്‍, പൊതുഗതാഗതം എന്നിവക്ക് മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെടാമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

Also Readസൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അധികൃതര്‍

സൗദി അറേബ്യ വിടാന്‍ ആഗ്രഹിക്കുന്ന പൗരന്മാര്‍ മൂന്ന് മാസത്തിന് പകരം എട്ട് മാസത്തിന് ശേഷം മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ മധ്യാഹ്ന ജോലിക്ക് കര്‍ശന നിയന്ത്രണം

റിയാദ്: ചൂട് ശക്തമായതോടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുള്‍പ്പെടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ സൂര്യ താപമേറ്റ് ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

തൊഴില്‍ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ 19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകളെ അറിയിക്കാനായി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.