വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതും ശിക്ഷാര്‍ഹമായ കുറ്റമെന്ന് ആരോ​ഗ്യ മന്ത്രാലയം 

റിയാദ്: സൗദി അറേബ്യയിൽ വ്യാജ മെഡിക്കൽ ലീവുകൾക്കെതിരെ മുന്നറിയിപ്പുമായി ആരോ​ഗ്യ മന്ത്രാലയം. അനാവശ്യമായി അസുഖമില്ലാതെ മെഡിക്കൽ ലീവുകൾ എടുക്കുന്നതും വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ നൽകുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. ആരോ​ഗ്യ മേഖലയിലെ നിയമങ്ങളും മാർ​ഗനിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

അനധികൃതമായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണെന്നും ഇതിനെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആരോ​ഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങളേയും മന്ത്രാലയം എടുത്തുപറഞ്ഞു. 

read more: ജിദ്ദ-മസ്കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി, മണിക്കൂറുകളോളം കാത്തിരുന്ന് യാത്രക്കാര്‍

രോ​ഗികളുടെ ആരോ​ഗ്യം കണക്കിലെടുത്ത് മാത്രമായിരിക്കണം മെഡിക്കൽ ലീവുകൾ അനുവദിക്കേണ്ടത്. രാജ്യത്ത് `സെഹാത്തി' പ്ലാറ്റ്‌ഫോം വഴിയാണ് മെഡിക്കൽ ലീവുകൾ ലഭിക്കുന്നത്. തൊഴിലാളികൾക്കും അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കും ആരോ​ഗ്യകേന്ദ്രങ്ങൾക്കും ഇടയിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കാനും മെ‍ഡിക്കൽ റിപ്പോർട്ടുകളുടെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനുമാണ് ഈ പ്ലാറ്റ്ഫോം ഉപയോ​ഗിക്കുന്നത്. രോ​ഗികളുടെ മെഡിക്കൽ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനായി ഡിജിറ്റൽ മോണിറ്ററിങ് സംവിധാനവും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ മെഡിക്കൽ ലീവ് സേവനങ്ങൾ നൽകുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ജാ​​ഗ്രത പാലിക്കാൻ പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.