റിയാദ്: സൗദി അറേബ്യയിലെ പള്ളികളില്‍ അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് മുന്നോടിയായി നടക്കുന്ന പ്രസംഗം (ഖുത്തുബ) കൊറോണ അടക്കമുള്ള പകര്‍ച്ച വ്യാധികളെക്കുറിച്ച്. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിലുമുള്ള ഇസ്ലാമിക നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി പ്രസംഗങ്ങള്‍ നീക്കിവെയ്ക്കണമെന്ന് സൗദി ഇസ്ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്‍ദുല്ലത്തീഫ് ആലുശൈഖ് രാജ്യത്തെ എല്ലാ ഇമാമുമാരോടും ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കുന്ന കാര്യത്തില്‍ വിശ്വാസികളെ ബോധവത്കരിക്കണം. സാമൂഹിക ബോധവത്കരണത്തിന് ജുമുഅ ഖുത്തുബകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്ത്, കൊറോണ ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ നേരിടുന്നതിലുള്ള ഇസ്ലാമിക മാര്‍ഗനിര്‍ദേശങ്ങള്‍ വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കണമെന്നാണ് നിര്‍ദേശം.

സൗദി അറേബ്യയില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ ബഹ്റൈന്‍ വഴി തിരിച്ചെത്തിയ സൗദി പൗരന് വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലാണ്. രോഗവ്യാപനം തടയുന്നതിനായി കര്‍ശന നടപടികളാണ് സൗദി ഭരണകൂടം കൈക്കൊള്ളുന്നത്.