ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിക്കുന്ന 'ഹുറൂബ്' സ്റ്റാറ്റസ് സ്വമേധയാ റദ്ദായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികളുടെ പേരിലടക്കം തൊഴിലുടമകള്‍ റജിസ്റ്റര്‍ ചെയ്ത ഹുറൂബ് കേസുകള്‍ റദ്ദാക്കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു.

എന്നാല്‍ ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് (ജവാസാത്ത്) അറിയിച്ചു. അത്തരം ഒരു നടപടിയും ജവാസാത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ചുള്ള എല്ലാ പ്രചാരണങ്ങളും അസത്യമാണ്. എല്ലാവരും ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രം സ്വീകരിക്കണമെന്നും വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും ജവാസാത്ത് ഓര്‍മ്മിപ്പിച്ചു. ഹുറൂബ് കേസുകള്‍ സ്വമേധയാ റദ്ദായിട്ടുണ്ടെന്നും എല്ലാവരും അവരവരുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും കാണിച്ചുള്ള വാട്സ്ആപ് സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

Read also: ഒറിജനലിനെ വെല്ലുന്ന പാക്കേജിങ്; ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന ലഹരി വസ്‍തുക്കള്‍ വിമാനത്താവളത്തില്‍ പിടികൂടി