റിയാദ്: ബഹിരാകാശത്തെത്തിയ ആദ്യ അറബ് വംശജന്‍, ആദ്യത്തെ മുസ്ലിം, ആദ്യത്തെ രാജകുടുംബാംഗം തുടങ്ങിയ പദവികള്‍ക്കുടമയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ടാമത്തെ മകനായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അപ്പോളോ ദൗത്യത്തിന്റെ അന്‍പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഹൂസ്റ്റണിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍. തികച്ചും അപ്രതീക്ഷിതമായായിരുന്നു  1988ലെ അദ്ദേഹത്തിന്റെ ബഹിരാകാശ യാത്ര.

1969 ജൂണ്‍ 20ന് മനുഷ്യന്‍ ആദ്യമായി ബഹിരാകാശാത്ത് കാലുകുത്തിയപ്പോള്‍ അന്ന് 13കാരനായിരുന്ന സുല്‍ത്താന്‍ റേഡിയോയിലൂടെയാണ് ആ വാര്‍ത്തയറിഞ്ഞത്. പിന്നെയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ബഹിരാകാശത്തേക്ക് അദ്ദേഹത്തിന് അപ്രതീക്ഷിതമായൊരു അവസരം ലഭിച്ചു. അമേരിക്കയില്‍  മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടിയ അദ്ദേഹം പറക്കാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനായിമാത്രം അമേരിക്കയില്‍ നിന്നുതന്നെ വൈമാനിക പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടുകയായിരുന്നു.

ഇതിനിടെ 1976ല്‍ അറബ് ലീഗിന്റെ നേതൃത്വത്തില്‍ അറബ്സാറ്റ് എന്ന സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് കമ്പനി രൂപീകൃതമാവുകയും സൗദി അറേബ്യ ഇതില്‍ മുഖ്യപങ്കാളിയാവുകയും ചെയ്തു. അറബ്സാറ്റിന്റെ ആദ്യ ഉപഗ്രഹം അറബ്സാറ്റ് 1എ 1985 ഫെബ്രുവരിയില്‍ വിക്ഷേപിച്ചു. രണ്ടാം ഉപഗ്രഹമായ അറബ്സാറ്റ് 1ബി അതേ വര്‍ഷം തന്നെ നാസയുടെ സഹായത്താല്‍ വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഈ പദ്ധതിയില്‍ പേ ലോഡ് സ്‍പെഷ്യലിസ്റ്റായി അറബ് ലീഗ് രാജ്യങ്ങളില്‍ നിന്നൊരാള്‍ക്ക് ബഹിരാകാശ യാത്രയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. അവസരം സൗദിക്ക് കൈവന്നതോടെ യോഗ്യരായ വ്യക്തികള്‍ക്കായി  അന്വേഷണം തുടങ്ങി.

പൈലറ്റ് ലൈസന്‍സുള്ളവരെയും ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയുന്നവരെയുമാണ് പരിഗണിച്ചത്. ശാരീരികക്ഷമതയും പ്രധാനപ്പെട്ട ഒരു യോഗ്യതയായിരുന്നു. ഇവ പരിഗണിച്ചാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാനെ തെരഞ്ഞെടുത്തത്. യോഗ്യത തെളിയിക്കുകയും സൗദിയിലും അമേരിക്കയിലും നടന്ന വൈദ്യപരിശോധനയില്‍ വിജയിക്കുകയും ചെയ്ത ശേഷമാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍, മാതാപിതാക്കളുടെ അനുമതി ചോദിച്ചത്. തുടര്‍ന്ന് 10 ആഴ്ച നീണ്ട പരിശീലനമാണ് നല്‍കിയത്. റമദാന്‍ വ്രതാനുഷ്ഠാനത്തിനിടയിലായിരുന്നു പരിശീലനം. സുല്‍ത്താന്‍ ബിന്‍ സല്‍മാന് പുറമെ ആറ് പേര്‍ കൂടിയുണ്ടായിരുന്നു യാത്രയില്‍. 

1985 ജൂണ്‍ 17നായിരുന്നു എസ്.ടി.എസ് - 51 ജി ദൗത്യയാത്രയുടെ തുടക്കം. അറബ് രാജ്യങ്ങളില്‍ നിന്നുള്ള 230 അതിഥികളെയാണ് നാസ ഇതിന് സാക്ഷിയാവാന്‍ ക്ഷണിച്ചത്. സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ നാല് സഹോദരങ്ങള്‍ ഉള്‍പ്പെടെ 29 സൗദി രാജകുമാരന്മാരും സന്നിഹിതരായിരുന്നു. ഏഴ് ദിവസമാണ് സംഘം ബഹിരാകാശത്ത് ചിലവഴിച്ചത്. പേ ലോഡ് സ്പെഷ്യലിസ്റ്റെന്ന നിലയില്‍ അറബ്സാറ്റ് 1ബിയുടെ വിന്യാസമായിരുന്നു സുല്‍ത്താന്‍ ബിന്‍ സല്‍മാന്റെ ചുമതല. ജൂണ്‍ 18ന് ഇത് പൂര്‍ത്തിയാക്കി. നിരവധി പരീക്ഷണങ്ങളും ബഹിരാകാശത്ത് സംഘം നടത്തി.

ബഹിരാകാശത്ത് ഖുര്‍ആന്‍ പാരായണം ചെയ്തതിന്റെ ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു. ആദ്യമായി ബഹിരാകാശത്ത് ഖുര്‍ആന്‍ വായിച്ചയാളെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തമാണ്.

ജൂണ്‍ 23നാണ് സംഘം ദൗത്യം അവസാനിപ്പിച്ച് തിരിച്ചെത്തിയത്. വൈദ്യപരിശോധനയ്ക്കും മറ്റ് നടപടിക്രമങ്ങള്‍ക്കും ശേഷം താഇഫ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വന്‍പൗരാവലിയാണ് സ്വീകരിച്ചത്. അന്നത്തെ ഭരണാധികാരി ഫഹദ് രാജാവ് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു.

പിന്നീട് സൗദി വ്യോമസേനയില്‍ മേജറായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.  ബഹിരാകാശ യാത്രയുടെ ഓര്‍മകള്‍ വിവരിച്ചുകൊണ്ട് "7 ഡേയ്സ് ഇന്‍ സ്പേസ്" എന്ന പേരില്‍ അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ട്.